യുഡിഎഫ് വിടില്ല, എന്‍ഡിഎയിലേക്ക് പോകാന്‍ താല്‍പ്പര്യമില്ല - മാണിയെ കടത്തിവെട്ടി ജോസഫ്
തിങ്കള്‍, 1 ഓഗസ്റ്റ് 2016 (10:03 IST)
ബാർ കോഴക്കേസിന്റെ പേരിൽ കോൺഗ്രസുമായുള്ള ബന്ധം ഉലഞ്ഞ പശ്ചാത്തലത്തില്‍ ചരല്‍കുന്ന് ക്യാമ്പില്‍ രാഷ്ട്രീയ തീരുമാനങ്ങളുണ്ടാകുമെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെഎം മാണി വ്യക്തമാക്കുമ്പോള്‍ മുന്നണി വിടില്ലെന്ന് പിജെ ജോസഫ് യുഡിഎഫ് നേതാക്കള്‍ക്ക് ഉറപ്പ് നല്‍കി.
ബാര്‍ കോഴ അടക്കമുള്ള നിരവധി കേസുകള്‍ മാണിക്കെതിരെ നില നില്‍ക്കുന്നതിനാല്‍ എല്‍ഡിഎഫില്‍ അഭയം തേടുക എന്നത് അസാധ്യമാണെന്നാണ് ജോസഫ് വ്യക്തമാക്കുന്നത്. എന്‍ഡിഎയില്‍ ചേരുന്നതിനോട് ഭൂരിഭാഗം പ്രവര്‍ത്തകര്‍ക്ക് താല്‍പ്പര്യമില്ല. അങ്ങനെ സംഭവിച്ചാല്‍ പാര്‍ട്ടിയില്‍ കൊഴിഞ്ഞു പോക്ക് രൂക്ഷമാകും. ഈ സാഹചര്യത്തില്‍ യു ഡി എഫ് ആണ് സുരക്ഷിതമായ സ്ഥലമെന്നും ജോസഫ് വ്യക്തമാക്കുന്നുണ്ട്.
തന്റെ നിലപാടുകള്‍ വ്യക്തമാക്കുമ്പോഴും കേരളാ കോണ്‍ഗ്രസ് (എം) എടുക്കുന്ന തീരുമാനത്തിനാകും കൂടുതല്‍ പരിഗണന എന്നാണ് ജോസഫ് പറയുന്നത്. വിമതനായല്‍ കൂറുമാറ്റ നിരോധന നിയമത്തില്‍ കുടുങ്ങുമെന്നതും അദ്ദേഹത്തെ ഭയപ്പെടുത്തുന്നുണ്ട്. അതേസമയം, പാര്‍ട്ടിയുടെ ഭാവി കാര്യങ്ങള്‍ സംബന്ധിച്ച് ഒറ്റക്കെട്ടായി തീരുമാനമെടുക്കുമെന്ന് ജനറല്‍ സെക്രട്ടറി ജോയി എബ്രഹാം വ്യക്തമാക്കി.
മാണിയുമായുള്ള പ്രശ്‌നങ്ങള്‍ ഗുരുതരമാകുന്ന സാഹചര്യത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടുത്തദിവസം കോട്ടയത്തത്തെിയേക്കും. ബന്ധം തകരുന്ന തീരുമാനങ്ങള്‍ മാണി സ്വീകരിക്കാന്‍ സാധ്യതയുള്ളതിനാല്‍ എത്രയും വേഗം അദ്ദേഹത്തെ നേരില്‍ കാണണമെന്ന് ഘടകകക്ഷികളും മുതിര്‍ന്ന നേതാക്കളും ചെന്നിത്തലയ്‌ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കോണ്‍ഗ്രസുമായുള്ള പ്രശ്നങ്ങള്‍ പെട്ടെന്ന് ചര്‍ച്ചചെയ്ത് തീര്‍ക്കാനാവില്ലെന്ന് മാണി വ്യക്തമാക്കുമ്പോള്‍ ഉമ്മന്‍ചാണ്ടി അടക്കമുള്ളവരെ സമ്മര്‍ദ്ദത്തിലാക്കുക എന്ന ഗൂഢ ലക്ഷ്യവും കേരളാ കോണ്‍ഗ്രസിനുണ്ട്.
ചരല്‍കുന്ന് ക്യാമ്പ് ഈ മാസം ആറിനും ഏഴിനും ചേരുന്നതിനാല്‍ ചൊവ്വാഴ്ചയൊ ബുധനാഴ്ചയൊ പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി മാണിയെകണ്ടേക്കും. ഘടകകക്ഷി നേതാക്കള്‍ ഇടപെട്ടാല്‍ പ്രതിസന്ധി പരിഹരിക്കാനാവുമെന്നാണു കോണ്‍ഗ്രസ് നേതാക്കള്‍ കരുതുന്നത്.
യുഡിഎഫില്‍ പ്രതിസന്ധിയില്ല, ഔദ്യോഗിക മധ്യസ്ഥനായൊന്നുമല്ല മാണിയെ കാണുന്നത്. ഇതിനായി ആരും തന്നെ ചുമതലപ്പെടുത്തിയിട്ടില്ല. മുന്നണിയിലെ സൗഹൃദത്തിന്റെ ഭാഗമായാണ് താന്‍ മുന്‍കൈയെടുക്കുന്നതെന്ന് കോഴിക്കോട് കുഞ്ഞാക്കുട്ടി വ്യക്തമാക്കി.
അതേസമയം, പാര്‍ട്ടിയില്‍ എല്ലാവരും ഒറ്റക്കെട്ടാണെന്നും അതിനാല്‍ തന്നെ ഏക അഭിപ്രായമാണ് പാര്‍ട്ടിയില്‍ ഉള്ളതെന്നും കോട്ടയത്ത് പാര്‍ട്ടി എംഎല്‍എമാരുമായി നടത്തിയ കൂടിക്കാഴ്ചക്കുശേഷം മാധ്യമപ്രവര്‍ത്തകരോട് മാണി വ്യക്തമാക്കി.