തെരുവുനായ്ക്കൾ പെരുകിയാൽ നശിപ്പിച്ചു കളയുക: കെ കെ ശൈലജ

ശനി, 20 ഓഗസ്റ്റ് 2016 (13:40 IST)
തെരുവുനായ്ക്കളുടെ എണ്ണം പെരുകിയാൽ അവയെ നശിപ്പിച്ച് കളയണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. നായ്ക്കളെ ഇല്ലാതാക്കുന്നതിന് തടസമായി നിൽക്കുന്നത് കേന്ദ്ര സർക്കാരിന്റെ അനാവശ്യ നടപടികളാണെന്നും മന്ത്രി അറിയിച്ചു. തിരുവനന്തപുരത്ത് നായ്ക്കളുടെ ആക്രമണത്തിൽ വൃദ്ധ മരിച്ച പശ്ചാത്തലത്തിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി.
 
കാരുംകുളം പുല്ലുവിള ചെമ്പകരാമന്‍തുറയില്‍ ചിന്നപ്പന്റെ ഭാര്യ ശിലുവമ്മയാണ് (65) തെരുവുനായ്ക്കളുടെ കടിയേറ്റ് മരിച്ചത്. പുല്ലുവിള കടല്‍ത്തീരത്തു വെച്ചാണ് ഇവര്‍ക്കെതിരെ തെരുവുനായ്‌ക്കളുടെ ആക്രമണമുണ്ടായത്. വെള്ളിയാഴ്ച രാത്രി എട്ടരയോടെ ആയിരുന്നു സംഭവം. നായ്ക്കളുടെ ആക്രമണത്തില്‍ പരുക്കേറ്റ ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിക്കാണ് മരിച്ചത്. 
 
നായ്ക്കളുടെ ആക്രമണത്തില്‍ നിന്ന് ഇവരെ രക്ഷിക്കാന്‍ ശ്രമിച്ച മകന്‍ സെല്‍വരാജിനെയും നായ്ക്കള്‍ ആക്രമിച്ചിരുന്നു. നൂറോളം നായ്ക്കളാണ് ആക്രമിച്ചതെന്ന് സെല്‍വരാജ് പറഞ്ഞു. പ്രദേശത്ത് തെരുവനായ ശല്യ രൂക്ഷമായതിനെ തുടര്‍ന്ന് നാട്ടുകാരുടെ ഭാഗത്തു നിന്നും വലിയ പ്രതിക്ഷേധമാണ് ഉയരുന്നത്.

വെബ്ദുനിയ വായിക്കുക