ചുംബന സമരത്തിലെ അനുകൂല നിലപാടില്‍ നിന്ന് എസ്‌എഫ്‌ഐ പിന്നോക്കം പോകുന്നതായി സൂചന. ചുംബനസമരക്കാര്‍ അരാജകവാദികളാണെന്നാണ് എസ്എഫ്‌ഐയുടെ വനിത നേതാക്കളില്‍ പ്രമുഖയായ ചിന്ത ജെറോമിന്റെ വാദം. 'ചുംബനം, സമരം, ഇടതുപക്ഷം' എന്ന തന്റെ ആദ്യ പുസ്തകത്തിലാണ് ചുംബന സമരക്കാര്‍ക്കെതിരെ കടുത്ത നിലപാടുകളുമായി ചിന്ത രംഗത്ത് വന്നിരിക്കുന്നത്.
ചുംബന സമരം നടത്തിയവരെ അരാജകവാദികള്‍ എന്നാണ് ചിന്ത ജെറോം തന്റെ പുസ്തകത്തില്‍ വിമര്‍ശിക്കുന്നത്. സ്മാര്‍ട്ട് ഫോണുകളിലൂടേയും ലാപ് ടോപ്പുകളിലൂടേയും വിപ്ലവത്തിന് ആഹ്വാനം ചെയ്യുന്നവര്‍ക്ക് തെരുവിലെ ജീവിതവും സമരവും അറിയില്ലെന്നാണ് ചിന്ത പറയുന്നത്. സെല്‍ഫികളുടെ രാഷ്ട്രീയം പറയുന്നവര്‍ക്ക് സ്വാര്‍ത്ഥതയുടെ രാഷ്ട്രീയം മാത്രമേ അറിയുകയുള്ളൂ എന്ന ആക്ഷേപവും ചിന്ത ജെറോം ഉന്നയിക്കുന്നു.
ഫാസിസത്തെ അരാജകത്വം കൊണ്ട് തോല്‍പിക്കാമെന്നത് മൗഢ്യമാണ്. യഥാര്‍ത്ഥ രാഷ്ട്രീയം അവരുടെ മനസ്സിന്റെ അതിരുകള്‍ക്കപ്പുറമാണെന്നും ചിന്ത എഴുതുന്നു. ചുംബന സമരം തുടക്കത്തില്‍ പ്രതീകാത്മക സമരമായിരുന്നുവെന്ന് ചിന്തയുടെ പുസ്തകത്തില്‍ പറയുന്നുണ്ട്. എന്നാല്‍ പിന്നീട് സമരത്തിന്റെ സ്വഭാവം മാറിയെന്നാണ് ആക്ഷേപം. സിപിഎം പോളിറ്റ് ബ്യൂറോ അംഗം എഎം ബേബി, പ്രഭാവര്‍മയ്ക്ക് നല്‍കിയാണ് പുസ്തകം പ്രകാശനം ചെയ്തത്.