ഒരു ക്ലാസില്‍ 35 കുട്ടികള്‍, സ്‌കൂള്‍ സമയം രാവിലെ എട്ടുമുതല്‍ ഉച്ചയ്ക്കു ഒന്ന് വരെ; ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് അംഗീകരിച്ചു

രേണുക വേണു

വ്യാഴം, 1 ഓഗസ്റ്റ് 2024 (10:39 IST)
ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ശുപാര്‍ശകള്‍ മന്ത്രിസഭായോഗം അംഗീകരിച്ചു. സ്‌കൂള്‍ സമയം രാവിലെ എട്ടുമുതല്‍ ഉച്ചയ്ക്കു ഒരുമണി വരെയാക്കി മാറ്റണമെന്ന് ഉള്‍പ്പെടെയുള്ള ശുപാര്‍ശകള്‍ അടങ്ങിയതാണ് ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട്. പ്രീ സ്‌കൂളില്‍ 25, ഒന്നുമുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ 35 എന്നിങ്ങനെ കുട്ടികളുടെ എണ്ണം പരിമിതപ്പെടുത്താനും നിര്‍ദേശമുണ്ട്. 
 
സമിതി ശുപാര്‍ശകള്‍ വിശദമായ ചര്‍ച്ചകള്‍ക്കു ശേഷം സമവായത്തില്‍ നടപ്പാക്കാനാണ് ധാരണ. കേന്ദ്രീയ വിദ്യാലയങ്ങളിലും ദേശീയ സിലബസനുസരിച്ചുള്ള സ്‌കൂളുകളിലും നിലവില്‍ രാവിലെ ഏഴരയ്ക്കും എട്ടരയ്ക്കുമാണ് പഠനം തുടങ്ങുന്നതെന്ന് സമിതി ചൂണ്ടിക്കാട്ടി. കേരളത്തില്‍ കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി നിലവിലെ പഠനസമയം ക്രമീകരിക്കണം. അതേസമയം, പ്രാദേശിക ആവശ്യങ്ങളനുസരിച്ച് സമയം പുനഃക്രമീകരിക്കാം. ചില വിഷയങ്ങളില്‍ ആഴത്തിലുള്ള പഠനത്തിനായി ഉച്ചയ്ക്കു രണ്ടുമുതല്‍ വൈകിട്ട് നാലുവരെയുള്ള സമയം പ്രയോജനപ്പെടുത്താമെന്നും സമിതി നിര്‍ദേശിച്ചു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍