'സുരേഷ് ഗോപി എവിടെ'; തൃശൂര്‍ എംപിയെ കാണ്മാനില്ലെന്ന് വോട്ടര്‍മാര്‍, പനിയാണെന്ന് ജില്ലാ നേതൃത്വം

രേണുക വേണു

വ്യാഴം, 1 ഓഗസ്റ്റ് 2024 (09:33 IST)
തൃശൂര്‍ എംപി സുരേഷ് ഗോപിയുടെ മണ്ഡലത്തിലെ അസാന്നിധ്യം ചര്‍ച്ചയാകുന്നു. കാലവര്‍ഷക്കെടുതിയുടെ പശ്ചാത്തലത്തില്‍ സ്വന്തം മണ്ഡലത്തിലേക്ക് തിരിഞ്ഞുനോക്കാന്‍ പോലും കേന്ദ്രമന്ത്രിയായ സുരേഷ് ഗോപി ഇതുവരെ തയ്യാറായിട്ടില്ലെന്നാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന വിമര്‍ശനം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ സുരേഷ് ഗോപിയോടു തോറ്റ ഇടതുപക്ഷ സ്ഥാനാര്‍ഥി വി.എസ്.സുനില്‍ കുമാര്‍ കഴിഞ്ഞ മൂന്ന് ദിവസമായി മണ്ഡലത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. ദുരിതാശ്വാസ ക്യാംപുകള്‍ സന്ദര്‍ശിക്കുകയും ആളുകളുടെ ബുദ്ധിമുട്ടുകള്‍ ചോദിച്ചറിയുകയും ചെയ്യുന്ന സുനില്‍ കുമാറിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. അതിനു പിന്നാലെയാണ് 'തൃശൂരിന്റെ എംപി എവിടെ' എന്ന ചോദ്യവുമായി വോട്ടര്‍മാര്‍ രംഗത്തെത്തിയത്. 
 
അതേസമയം സുരേഷ് ഗോപി അസുഖ ബാധിതനാണെന്നും അതുകൊണ്ടാണ് തൃശൂരില്‍ എത്താത്തതെന്നും ബിജെപി ജില്ലാ നേതൃത്വം പ്രതികരിച്ചു. ഡല്‍ഹിയിലാണ് എംപി ഇപ്പോള്‍ ഉള്ളത്. പനി ബാധിച്ച് വിശ്രമത്തിലാണ്. അദ്ദേഹത്തിന്റെ നിര്‍ദേശാനുസരണം ബിജെപി ജില്ലാ നേതൃത്വം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. സുഖം പ്രാപിച്ച ശേഷം സുരേഷ് ഗോപി തൃശൂരില്‍ എത്തുമെന്നും ജില്ലാ നേതൃത്വം വിശദീകരിച്ചു. 
 
ജില്ലയില്‍ തൃശൂര്‍ താലൂക്കിലാണ് ഏറ്റവും കൂടുതല്‍ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നത്. 2532 കുടുംബങ്ങളില്‍ നിന്നായി 7106 പേരെയാണ് മാറ്റി പാര്‍പ്പിച്ചിരിക്കുന്നത്. 128 ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ ഒരു ക്യാംപില്‍ പോലും സുരേഷ് ഗോപി ഇതുവരെ എത്തിയിട്ടില്ലെന്ന് വോട്ടര്‍മാര്‍ ആരോപിക്കുന്നു. കേന്ദ്രമന്ത്രിയായ ശേഷം മണ്ഡലത്തെ തിരിഞ്ഞുനോക്കാന്‍ സുരേഷ് ഗോപി തയ്യാറായിട്ടില്ലെന്നും വിമര്‍ശനമുണ്ട്. 
 
തൃശൂരിലെ കാലവര്‍ഷക്കെടുതിയുമായി ബന്ധപ്പെട്ട് സുരേഷ് ഗോപി എംപിയുടെ സോഷ്യല്‍ മീഡിയ പ്രൊഫൈലുകളില്‍ പോലും ഇതുവരെ യാതൊരു പ്രതികരണവും വന്നിട്ടില്ല. അസാന്നിധ്യം ചര്‍ച്ചയായി തുടങ്ങിയതിനു പിന്നാലെ ഇന്നലെ രാത്രിയോടെ 'കൈകോര്‍ക്കാം വയനാടിനായി' എന്നൊരു പോസ്റ്റ് സുരേഷ് ഗോപി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.  
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍