തൃശൂര്‍ അടക്കമുള്ള മധ്യ കേരളത്തിലെ ജില്ലകളില്‍ ശക്തമായ മഴ; ജാഗ്രത വേണം

രേണുക വേണു

ബുധന്‍, 21 ഓഗസ്റ്റ് 2024 (08:26 IST)
സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യ കേരളത്തിലായിരിക്കും വരും മണിക്കൂറുകളില്‍ കൂടുതല്‍ മഴ ലഭിക്കുക. അതേസമയം ആറ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടും എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. 
 
പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. 
 
കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനു പോകാന്‍ വിലക്കുണ്ട്. തീരദേശ മേഖലകളില്‍ ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കുക. 
 
തെക്ക് കിഴക്കന്‍ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായി ചക്രവാതചുഴി നിലനില്‍ക്കുന്നു. വടക്കന്‍ തമിഴ്നാടിനും തെക്കന്‍ ആന്ധ്രാപ്രദേശിനും മുകളിലായി മറ്റൊരു ചക്രവാതചുഴിയും സ്ഥിതി ചെയ്യുന്നു. മധ്യ കിഴക്കന്‍ അറബിക്കടല്‍ മുതല്‍ മാലിദ്വീപ് വരെ 0.9 കിലോമീറ്റര്‍ ഉയരത്തിലായി ന്യൂനമര്‍ദ്ദപാത്തി നിലനില്‍ക്കുന്നു. ഇവയുടെ ഫലമായി കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപകമായ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍