പുതു ചരിത്രമെഴുതി കേരളം.. ഇന്ത്യയിലെ ആദ്യ ഭിന്നലിംഗ നയം കേരളം പ്രഖ്യാപിച്ചു

വെള്ളി, 13 നവം‌ബര്‍ 2015 (13:59 IST)
സാമൂഹിക നീതിയില്‍ പുതു ചരിത്രം രചിച്ചുകൊണ്ട് കേരളം ഭിന്നലിംഗക്കാര്‍ക്കായുള്ള നയം പ്രഖ്യാപിച്ചു. രാജ്യത്താദ്യമായാണ് ഒരു സംസ്ഥാനം ഭിന്നലിംഗക്കാര്‍ക്കായി പ്രത്യേക നയമുണ്ടാക്കുന്നത്. അയല്‍ സംസ്ഥാനമായ തമിഴ് നാട്ടില്‍ സം‌വരണവും മറ്റ് ആനുകൂല്യങ്ങളുമുണ്ടെങ്കിലും ഒരു പ്രത്യേക നയം ഉണ്ടായിരുന്നില്ല. ഇതോടെ ഭിന്നലിംഗക്കാര്‍ക്ക് സാമൂഹിക നീതി ലഭ്യമാക്കുന്നതില്‍ കേരളം പുതിയ മാതൃക അവതരിപ്പിച്ചിരിക്കുകയാണ്.

സര്‍ക്കാരിന്റെ ഭിന്നലിംഗ നയരേഖ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ പ്രമുഖ ഭിന്നലിംഗ പ്രവര്‍ത്തക അക്കായ് പത്മശാലിക്ക് നല്‍കി പ്രകാശിപ്പിച്ചു. സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള ജെന്‍ഡര്‍ പാര്‍ക്ക് യു.എന്‍. വിമന്റെ സഹകരണത്തോടെ കോവളത്ത് നടത്തുന്ന ത്രിദിന അന്താരാഷ്ട്ര ലിംഗസമത്വ സമ്മേളനത്തിലാണ് നയരേഖ പ്രകാശിപ്പിച്ചത്.

ഭിന്നലിംഗത്തില്‍പ്പെട്ടവരോടുള്ള വിവേചനം അവസാനിപ്പിക്കാനും അവര്‍ക്ക് എല്ലാവര്‍ക്കുമൊപ്പം അവസരങ്ങള്‍ നല്‍കാനുമായി ട്രാന്‍സ് ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് രൂപവത്കരിക്കുമെന്ന് രേഖ വ്യക്തമാക്കുന്നു. ഭിന്നലിംഗ വിഭാഗത്തില്‍പ്പെട്ടവരോടുള്ള വിവേചനം അവസാനിപ്പിക്കുന്നതിന് നിയമം, പൊലീസ്, നീതിന്യായം എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരടക്കമുള്ളവരെ ബോധവത്കരിക്കണമെന്നും രേഖ പറയുന്നു.

ബോര്‍ഡിനാവശ്യമായ സഹായസഹകരണങ്ങള്‍ നല്‍കുന്നതിന് സാമൂഹ്യനീതി വകുപ്പില്‍ ജന്‍ഡര്‍ സെല്‍ രൂപവത്കരിക്കണം. ട്രാന്‍സ് ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡില്‍ വിവിധ വകുപ്പുകളിലെ സെക്രട്ടറിമാരും സന്നദ്ധ സംഘടനകളില്‍നിന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന വ്യക്തിയും അംഗമായിരിക്കും. ഇതിനുപുറമെ ജില്ലകളില്‍ ജസ്റ്റിസ് കമ്മിറ്റികളും രൂപവത്കരിക്കും. ജില്ലാ കളക്ടര്‍ ഇതിന്റെ ചെയര്‍പേഴ്‌സണും സോഷ്യല്‍ ജസ്റ്റിസ് ഓഫീസര്‍ സെക്രട്ടറിയുമായിരിക്കും.

തങ്ങളുടെ ലിംഗസ്വഭാവമനുസരിച്ച് വസ്ത്രം ധരിക്കുന്നതിന്റെയും പെരുമാറുന്നതിന്റെയും പേരില്‍ ഇവര്‍ക്കെതിരെ നടപടി പാടില്ല. വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ വിവേചനം തടയുന്നതിനുള്ള പ്രത്യേക സംവിധാനമേര്‍പ്പെടുത്തണമെന്നും നയരേഖയില്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക