നന്ദിയുണ്ട്, പക്ഷേ 20 ലക്ഷം ലിറ്റർ വെള്ളം എന്നും തരണം: തമിഴ്നാട് മുഖ്യമന്ത്രി

ശനി, 22 ജൂണ്‍ 2019 (09:57 IST)
രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവിക്കുന്ന തമിഴ്‌നാടിന് വെള്ളം നല്‍കാമെന്ന കേരള സര്‍ക്കാരിന്റെ വാഗ്ദാനത്തിൽ നന്ദി അറിയിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി. കേരളത്തിനോട് നന്ദിയുണ്ട്. എന്നാല്‍ നല്‍കാമെന്നു പറഞ്ഞ വെള്ളം ഒരു ദിവസത്തേക്കുപോലും തികയില്ലെന്നും അദ്ദേഹം പറഞ്ഞു.
 
എല്ലാ ദിവസവും വെള്ളം നല്‍കണമെന്ന് അഭ്യര്‍ഥിച്ച് കേരള മുഖ്യമന്ത്രിക്ക് കത്തയക്കുമെന്നും പളനിസാമി വിശദമാക്കി. തമിഴ്‌നാട്ടിലേക്ക് ട്രെയിന്‍ മാര്‍ഗം 20 ലക്ഷം ലിറ്റര്‍ കുടിവെള്ളമെത്തിക്കാമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് കഴിഞ്ഞ ദിവസം തമിഴ്‌നാട് മുഖ്യമന്ത്രിയെ അറിയിച്ചത്.
 
തമിഴ്‌നാടിന് വേണ്ടി കുടിവെള്ളം ട്രെയിന്‍മാര്‍ഗം എത്തിച്ചുനല്‍കാനാണ് സംസ്ഥാന സര്‍ക്കാര്‍ സന്നദ്ധതയറിയിച്ചത്. സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരം തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ഓഫീസിനെ കുടിവെള്ളം എത്തിക്കാനുള്ള സന്നദ്ധത അറിയിച്ചു എങ്കിലും കുടിവെള്ളം ആവശ്യമില്ലെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ മറുപടി നല്‍ക്കുകയായിരുന്നു. എന്നാൽ, ചെന്നൈയിൽ പ്രതിഷേധം ശക്തമായതോടെയാണ് സർക്കാർ ചർച്ചയ്ക്ക് തയ്യാറായത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍