‘ശബരിമലയുടെ ഉടമസ്ഥാവകാശത്തിൽ തർക്കമുണ്ട്, അഹിന്ദുക്കളെ വിലക്കരുത്’: സർക്കാർ ഹൈക്കോടതിയില്‍
തിങ്കള്‍, 12 നവംബര്‍ 2018 (15:57 IST)
ശബരിമലയിൽ അഹിന്ദുക്കളെ വിലക്കരുതെന്നു സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ.
ശബരിമലയുടെ ഹിന്ദുക്കളുടേത് മാത്രമാണെന്ന കാര്യത്തിൽ തർക്കമുണ്ട്. മല അരയന്മാരുടേതാണ് ക്ഷേത്രമെന്നും ബുദ്ധവിഹാരമായിരുന്നവെന്നും വാദം നിലനിൽക്കുന്നുണ്ട്. ഓരോ വര്‍ഷവും നിരവധി മുസ്ലീങ്ങളും ക്രിസ്ത്യാനികളും എത്താറുണ്ടെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.
ശബരിമലയിൽ അഹിന്ദുക്കളെ വിലക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് ടിജി മോഹൻദാസ് സമർപ്പിച്ച ഹർജിയിലാണ് സർക്കാർ കോടതിയിൽ ഇക്കാര്യം അറിയിച്ചത്.
വാവര് പള്ളിയില്‍ പ്രാർഥിക്കുന്നത് ശബരിമലയുമായി ബന്ധപ്പെട്ട ആചാരമാണ്. എല്ലാ മതവിഭാഗങ്ങളിലുള്ളവരും ശബരിമലയിൽ ദർശനത്തിന് എത്താറുണ്ട്. അഹിന്ദുക്കളെ തടയണമെന്ന ഹർജിയിൽ മറ്റു സമുദായങ്ങളെക്കൂടി കക്ഷിചേർക്കണമെന്നും സർക്കാർ നിലപാട് സ്വീകരിച്ചു.
പല മതസ്ഥര്‍ക്കും ഒരു പോലെ പ്രിയപ്പെട്ടതാണ് ശബരിമല. അതിനാല്‍ വഖഫ് ബോര്‍ഡ്, മുസ്ലിം സംഘടനകള്‍, ക്രിസ്ത്യൻ വിഭാഗം, വാവര് ട്രസ്റ്റ്, ആദിവാസി സംഘടനകള്‍ ഇവരുമായി കൂടിയാലോചിച്ച ശേഷം മാത്രമേ ഈ ഹര്‍ജിയില്‍ കോടതി തീരുമാനം എടുക്കാവൂ. വലിയ പൊതുജന താല്‍പര്യമുള്ള വിഷയം എന്ന നിലയില്‍ പത്രപരസ്യവും നല്‍കണം. പൊതുജനങ്ങളുടെ ശ്രദ്ധ ഇതിലേക്ക് കൊണ്ടുവരണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.