സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈല്‍ ലിമിറ്റഡ് നിര്‍മ്മിക്കുന്ന ഇലക്ട്രിക്ക് ഓട്ടോ നീം ജിയുടെ നേപ്പാളിലേക്കുള്ള കയറ്റുമതി തുടങ്ങി. ആദ്യ ബാച്ച് ഇ-ഓട്ടോകളുടെ ഫ്‌ളാഗ് ഓഫ് വ്യവസായമന്ത്രി ഇ.പി ജയരാജന്‍ നിര്‍വഹിച്ചു. അദ്യ ഘട്ടത്തില്‍ 25 ഓട്ടോകളാണ് നേപ്പാളില്‍ എത്തിക്കുക. വാഹനങ്ങളുടെ അനുബന്ധ രേഖകള്‍ നേപ്പാളിലെ ഡീലര്‍മാര്‍ക്ക് മന്ത്രി കൈമാറി.
സര്‍ക്കാരിന്റെ ദൈനംദിന ഇടപെടലുകളും കെ.എ.എല്‍ ജീവനക്കാരുടെ ശ്രമകരമായ പ്രവര്‍ത്തനവുമാണ് നഷ്ടത്തിലായിരുന്ന സ്ഥാപനത്തെ ഉയര്‍ച്ചയിലേക്ക് എത്തിച്ചതെന്ന് മന്ത്രി പറഞ്ഞു. ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലേക്കും ഓട്ടോകള്‍ കയറ്റി അയയ്ക്കും. കെനിയ, ഈജിപ്റ്റ് തുടങ്ങി നിരവധി ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും അന്വേഷണം ഉണ്ടെന്നും മന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ 24 കോടി രൂപയാണ് കെ.എ.എല്ലിന് നല്‍കിയത്. കോവിഡ് ആശ്വാസമായി അഞ്ച് കോടി രൂപ കൂടി നല്‍കും. എല്ലാ ജില്ലകളിലും വനിതകള്‍ക്ക് ഇ-വാഹനം നല്‍കുന്ന പദ്ധതിക്ക് രൂപം നല്‍കും. വ്യവസായ വകുപ്പിന് കീഴില്‍ രജിസ്റ്റര്‍ ചെയ്യുന്ന വനിത സഹകരണ സംഘങ്ങളിലെ 25 പേര്‍ക്ക് ഇ-ഓട്ടോ സബ്‌സിഡിയോടെ നല്‍കാനാണ് ഉദ്ദേശിക്കുന്നത്. പദ്ധതിയിലൂടെ വനിതകള്‍ക്ക് സ്വയം തൊഴില്‍ നേടാനാകുമെന്നും മന്ത്രി പറഞ്ഞു.