ഇത് 'ബാല്‍സി'; തോല്‍വി പ്രതീക്ഷിച്ച പാര്‍ട്ടിക്കാരെ പോലും ഞെട്ടിച്ചു, തൃശൂരിനെ കാത്തു

ഞായര്‍, 2 മെയ് 2021 (14:43 IST)
തൃശൂരിലെ എല്‍ഡിഎഫിന്റെ ജയം ഏറെ പ്രത്യേകതയുള്ളതാണ്. കോണ്‍ഗ്രസിന്റെ കുത്തക മണ്ഡലമായിരുന്നു 2016 വരെ തൃശൂര്‍. കഴിഞ്ഞ തവണ വി.എസ്.സുനില്‍കുമാറിലൂടെ തൃശൂര്‍ കട്ട ചുവപ്പണിഞ്ഞു. ഇത്തവണയും സുനില്‍കുമാര്‍ മത്സരിച്ചിരുന്നെങ്കില്‍ വന്‍ വിജയം ആവര്‍ത്തിക്കുമെന്നാണ് ജില്ലയിലെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, സിപിഐ നേതാവ് കൂടിയായ സുനില്‍കുമാര്‍ മത്സരരംഗത്തു നിന്നു മാറിനില്‍ക്കേണ്ടിവന്നു. രണ്ട് ടേം നിബന്ധന കര്‍ശനമാക്കിയതുകൊണ്ടാണ് സുനില്‍കുമാറിന് മാറിനില്‍ക്കേണ്ടി വന്നത്. പകരം മുതിര്‍ന്ന നേതാവ് കൂടിയായ പി.ബാലചന്ദ്രനെ സിപിഐ സ്ഥാനാര്‍ഥിയാക്കി.

പാര്‍ട്ടി പ്രവര്‍ത്തകര്‍ 'ബാല്‍സി' എന്ന ചെല്ലപ്പേരിലാണ് ബാലചന്ദ്രനെ വിശേഷിപ്പുക്കുക. മികച്ച പ്രാസംഗികന്‍ കൂടിയായ ബാലചന്ദ്രന്‍ സഖാക്കള്‍ക്ക് പ്രിയ സുഹൃത്ത് കൂടിയാണ്. പാര്‍ട്ടിക്കുള്ളില്‍ വലിയ പിന്തുണയുള്ള നേതാവ് ആണെങ്കിലും ജനങ്ങള്‍ക്കിടയില്‍ അത്രത്തോളം ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പില്‍ ജയിക്കുമോ എന്ന സംശയം ജില്ലയിലെ എല്‍ഡിഎഫ്, സിപിഐ നേതൃത്വത്തിനും ഉണ്ടായിരുന്നു. ബിജെപി സ്ഥാനാര്‍ഥിയായി സുരേഷ് ഗോപി കൂടി എത്തിയതോടെ എല്‍ഡിഎഫിന് സാധ്യത മങ്ങിയെന്നായിരുന്നു വിലയിരുത്തല്‍. പോസ്റ്റ് പോള്‍, പ്രീ പോള്‍ സര്‍വെകളെല്ലാം തൃശൂരില്‍ എല്‍ഡിഎഫിന്റെ തോല്‍വി പ്രവചിച്ചിരുന്നു. തൃശൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തേയ്ക്ക് പോയാല്‍ പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് പോലും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അത്രത്തോളം പേടിയോടെയാണ് തൃശൂര്‍ മണ്ഡലത്തെ എല്‍ഡിഎഫ് കണ്ടിരുന്നത്.

വോട്ടെണ്ണല്‍ ആദ്യ മണിക്കൂര്‍ പിന്നിട്ടപ്പോള്‍ എല്‍ഡിഎഫിന്റെ ഭയം യാഥാര്‍ഥ്യമാകുമോ എന്ന് സംശയമുണ്ടായി. ആദ്യ മണിക്കൂറില്‍ പലപ്പോഴും പി.ബാലചന്ദ്രന്‍ മൂന്നാം സ്ഥാനത്തായിരുന്നു. എന്നാല്‍, ഒടുവില്‍ പാര്‍ട്ടി പ്രവര്‍ത്തകരെയും മുന്നണി നേതൃത്വത്തെയും ഞെട്ടിച്ചുകൊണ്ട് 'ബാല്‍സി' തൃശൂര്‍ പിടിച്ചെടുത്തു. 1,115 വോട്ടുകള്‍ക്കാണ് തൃശൂര്‍ മണ്ഡലത്തില്‍ പി.ബാലചന്ദ്രന്‍ വിജയിച്ചിരിക്കുന്നത്. യുഡിഎഫ് സ്ഥാനാര്‍ഥി പത്മജ വേണുഗോപാല്‍ രണ്ടാം സ്ഥാനത്തും ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപി മൂന്നാം സ്ഥാനത്തുമായി. പ്രവചനങ്ങളെയെല്ലാം കാറ്റില്‍പറത്തി ആവേശകരമായ മത്സരത്തില്‍ വിജയം ചൂടിയ ബാല്‍സി സുനില്‍കുമാറിനെ പോലെ പിണറായി മന്ത്രിസഭയില്‍ അംഗമാകുമോ എന്നാണ് എല്ലാവരും കാത്തിരിക്കുന്നത്. 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍