കട ബാധ്യത 2,96,900 കോടി: സംസ്ഥാനത്തിന്റെ പൊതുകടം വർധിച്ചതായി സാമ്പത്തിക സർവേ റിപ്പോർട്ട്

ശനി, 12 മാര്‍ച്ച് 2022 (16:44 IST)
കൊവിഡ് പ്രതിസന്ധിയെ തുടർന്നുള്ള നിയന്ത്രണങ്ങൾ സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയിൽ ഇടിവുണ്ടാക്കിയതായി സാമ്പത്തിക സർവേ റിപ്പോർട്ട്. സംസ്ഥാനത്തിന്റെ പൊതുകടം വർധിച്ചതായും വ്യവസായം അടക്കമു‌ള്ള മേഖലകളെയെല്ലാം കൊവിഡ് ബാധിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.
 
2020-21ൽ സംസ്ഥാനത്തിന്റെ പൊതുകടം 2,96,900 കോടി രൂപയാണ്. സംസ്ഥാനത്തിന്റെ കടവും മൊത്ത ആഭ്യന്തര ഉത്‌പാദനവും തമ്മിലുള്ള അനുപാതം 2019-90ൽ 31.58 ശതമാനമായിരുന്നു. 2020-21‌ൽ ഇത് 37.13 ശതമാനമായി. റവന്യൂ കമ്മി 1.76 ശതമാനത്തിൽ നിന്ന് 2.51 ശതമാനമായും ധന കമ്മി മുൻ വർഷത്തെ 2.89 ശതമാനത്തിൽ നിന്നും 4.4 ശതമാനമായും വർധിച്ചു.
 
സംസ്ഥാനത്തിന്റെ മൂലധന വിഹിതം 1.03 ശതമാനത്തിൽ നിന്നും 1.61 ശതമാനമായി ഉയർന്നു. നിർമാണ മേഖലയിലെ വളർച്ച കുറഞ്ഞ് -8.94 ശതമാനമായി.കൊവിഡ് വിനോദസഞ്ചാര മേഖലയ്ക്കും തിരിച്ചടിയായി. രാജ്യാന്തര സന്ദർശകരുടെ എൺനത്തിൽ മൂന്ന് ലക്ഷത്തിന്റെ കുറവുണ്ടായി. ടൂറിസം വരുമാനം 2019ലെ 45,010 കോടിയിൽ നിന്ന് 2020ൽ 11,335 കോടിയായി കുറഞ്ഞു.
 
തൊഴിലില്ലായ്‌മ 2018-19ലെ ഒൻപത് ശതമാനത്തിൽ നിന്ന് 19-20ൽ പത്ത് ശതമാനമായി ഉയർന്നു. 17 ലക്ഷം പ്രവാസികളാണ് കൊവിഡിനെ തുടർന്ന് നാട്ടിൽ മടങ്ങിയെത്തിയത്. മടങ്ങിയെത്തിയവരിൽ 72 ശതമാനവും ജോലി നഷ്ടപ്പെട്ടവരാണ്. തൊഴിൽ അന്വേഷിക്കുന്നവരുടെ എണ്ണം 2020ലെ 34.31 ലക്ഷത്തിൽ നിന്ന് 2021ൽ 38.33 ലക്ഷമായി ഉയർന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍