രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് പോസിറ്റീവ് കേസുകളില്‍ പകുതിയോളം ഇപ്പോള്‍ കേരളത്തില്‍ തന്നെയാണ്. കേരളത്തിലെ കോവിഡ് കര്‍വ് കഴിഞ്ഞ കുറേ ദിവസങ്ങളായി ഒരേ രീതിയില്‍ തുടരുകയാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിനും പതിമൂന്നിനും ഇടയില്‍ തുടരുന്നു. എന്തുകൊണ്ട് കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നില്ല എന്ന ചോദ്യം പലര്‍ക്കുമുണ്ട്. കേരളത്തിലെ കോവിഡ് വ്യാപനത്തിനു പ്രധാന കാരണം എന്താണ്? നമുക്ക് പരിശോധിക്കാം.
കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം ഉയരാന്‍ പ്രധാന കാരണം ഹോം ക്വാറന്റൈന്‍ രീതിയാണ്. കേരളത്തില്‍ കോവിഡ് പോസിറ്റീവ് ആയവരില്‍ വലിയൊരു ശതമാനം ആളുകളും വീടുകളില്‍ തന്നെയാണ് കഴിയുന്നത്. കോവിഡ് ബാധിച്ചവരില്‍ രോഗലക്ഷണങ്ങള്‍ കുറവാണ്. വലിയൊരു ശതമാനം ആളുകള്‍ക്കും ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ല. അതുകൊണ്ട് വീടുകളില്‍ തന്നെയാണ് കൂടുതല്‍ പേരും ഐസൊലേഷനില്‍ കഴിയുന്നത്.
കേരളത്തില്‍ ഇന്നലെ മാത്രം 23,676 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എന്നാല്‍, ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗികളുടെ എണ്ണം 2,456 ആണ്. ഹോം ഐസൊലേഷന്‍ പ്രോട്ടോകോള്‍ കൃത്യമായി പാലിക്കപ്പെടാത്തതിനാല്‍ വീട്ടില്‍ ഒരാള്‍ക്ക് കോവിഡ് ബാധിച്ചാല്‍ ആ വീട്ടിലെ കൂടുതല്‍ പേര്‍ കോവിഡ് ബാധിതര്‍ ആകുന്നു. ഇതാണ് കേരളത്തില്‍ രോഗികളുടെ എണ്ണം ഉയരാനുള്ള കാരണമായി കേന്ദ്രസംഘവും വിലയിരുത്തുന്നത്.