മറ്റ് സംസ്ഥാനങ്ങളില്‍ കോവിഡ് രണ്ടാം തരംഗത്തിന്റെ വ്യാപനശേഷി കുറഞ്ഞുവരുമ്പോള്‍ കേരളത്തില്‍ മാത്രം രോഗികളുടെ എണ്ണം കുറയാത്തത് എന്തുകൊണ്ടാണെന്ന സംശയം ബലപ്പെട്ടിരിക്കുകയാണ്. എന്നാല്‍, കോവിഡ് വ്യാപനം തുടങ്ങിയ സമയംമുതല്‍ കേരളം നടപ്പിലാക്കിയ പ്രതിരോധ രീതിയാണ് ഇതിനു കാരണമെന്ന് കേരള സോഷ്യല്‍ സെക്യൂരിറ്റ് മിഷന്‍ എക്‌സ്‌ക്യൂട്ടീവ് ഡയറക്ടര്‍ ഡോ.മുഹമ്മദ് അഷീല്‍.
ആരോഗ്യസംവിധാനത്തിന്റെ പരിധിയും കടന്ന് രോഗവ്യാപനം പോകരുതെന്നാണ് കേരളം തുടക്കംമുതല്‍ ലക്ഷ്യമിടുന്നത്. രോഗവ്യാപനത്തിന്റെ വേഗത കുറയ്ക്കുകയാണ് ഈ പദ്ധതി. മറ്റ് സംസ്ഥാനങ്ങളില്‍ കോവിഡ് അതിന്റെ പരമാവധിയിലെത്തിയപ്പോള്‍ കേരളത്തില്‍ സ്ഥിതി അതായിരുന്നില്ല. അയല്‍സംസ്ഥാനങ്ങളില്‍ ആദ്യ കോവിഡ് തരംഗത്തില്‍ 30 ശതമാനം പേര്‍ വരെ രോഗബാധിതരായി. എന്നാല്‍, കേരളത്തില്‍ ഒന്നാം തരംഗത്തില്‍ 11 ശതമാനം പേര്‍ മാത്രമാണ് രോഗബാധിതരായത്. ആരോഗ്യസംവിധാനത്തിന്റെ അപ്പുറത്തേക്ക് രോഗികളുടെ എണ്ണം കുതിച്ചുയരാതിരിക്കാനാണ് തുടക്കംമുതല്‍ ശ്രദ്ധിക്കുന്നത്. രോഗവ്യാപനത്തിന്റെ വേഗത കുറച്ചതുകൊണ്ടാണ് കേരളത്തില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ പോലെ ആശുപത്രികള്‍ നിറയുകയും വെന്റിലേറ്റര്‍ സൗകര്യങ്ങളും ഓക്‌സിജന്‍ ക്ഷാമവും കാരണം മരണം റിപ്പോര്‍ട്ട് ചെയ്യാതിരിക്കുകയും ചെയ്തത്. ആരോഗ്യസംവിധാനങ്ങളുടെ സര്‍ജ് കപ്പാസിറ്റിക്ക് മുകളില്‍ കേരളത്തിലെ രോഗവ്യാപനം ഇതുവരെ പോയിട്ടില്ല. അങ്ങനെ പോയാല്‍ കാര്യങ്ങള്‍ താളംതെറ്റും. രോഗവ്യാപനതോത് സാവധാനത്തില്‍ ആക്കുന്നതിന്റെ ഭാഗമായാണ് രണ്ടാം തരംഗം കേരളത്തില്‍ നീണ്ടുപോകുന്നത്.