പി സി ജോര്‍ജിനെതിരെ സ്വീകരിച്ച അച്ചടക്ക നടപടികള്‍ക്ക് അംഗീകാരം നല്‍കാനായി കേരള കോണ്‍ഗ്രസ് –എം സ്റ്റിയറിംഗ് കമ്മിറ്റി ഇന്ന് യോഗം ചേരും. ഇന്ന് ഉച്ചതിരിഞ്ഞ് നെടുമ്പാശ്ശേരിയിലാണ് യോഗം ചേരുക. പാര്‍ട്ടി ഭരണഘടനയനുസരിച്ച് അറുപതു ദിവസത്തിനുള്ളില്‍ അച്ചടക്കനടപടി സ്റ്റിയറിംഗ് കമ്മിറ്റി ശരിവയ്ക്കേണ്‌ടതുണ്‌ട്. ഇതനുസരിച്ചാണ് ഇന്നു യോഗം ചേരുന്നത്.
അതിനിടെ കൂറുമാറ്റ നിരോധന നിയമ പ്രകാരം പി സി ജോര്‍ജിന്റെ നിയമ സഭാംഗത്വം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്പീക്കര്‍ക്ക് കത്ത് നല്‍കണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്. ഈ വിഷയവും ഇന്ന് ചേരുന്ന കമ്മറ്റിയില്‍ ചര്‍ച്ചയാകുമെന്നാണ് സൂചന. അരുവിക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയ്ക്കെതിരെ പി സി ജോര്‍ജ് സ്ഥാനാര്‍ഥിയെ നിര്‍ത്തിയ സാഹചര്യം ചൂണ്‌ടിക്കാട്ടിയാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. നിയമസഭയ്ക്കു പുറത്തു പാര്‍ട്ടിവിരുദ്ധ നിലപാടുകള്‍ കൈക്കൊണ്‌ടാലും കൂറുമാറ്റ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന വാദമാ ണ് ഇവര്‍ മുന്നോട്ടു വയ്ക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ജോര്‍ജിനെതിരെ തിടുക്കത്തില്‍ കടുത്ത നടപടി സ്വീകരിക്കില്ലെന്നാണ് ലഭിക്കുന്ന സൂചന.