കേന്ദ്രത്തെ പഴിചാരണ്ട, ബാറുകൾ വേണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് കേരളമെന്ന് കേന്ദ്രമന്ത്രി

ചൊവ്വ, 19 ഏപ്രില്‍ 2016 (16:55 IST)
സംസ്ഥാനത്ത് പുതിയതായി തുറന്ന ആറ് ബാറുക‌ൾക്ക് അനുവാദം നൽകിയത് കേന്ദ്രമാണെന്ന മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പ്രസ്താവനയ്ക്ക് ചുട്ട മറുപടി നൽകി കേന്ദ്രം. ബാറുകൾ തുറന്നതിന്റെ കുറ്റം കേന്ദ്രത്തിലേക്ക് പഴിചാരണ്ടെന്നും പുതിയ ബാറുകൾ വേണോ വേണ്ടയോ എന്നത് തീരുമാനിക്കുന്നത് കേരളമാണെന്നും വ്യക്തമാക്കികൊണ്ട് കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡിയാണ് രംഗത്തെത്തിയിരിക്കുന്നത്.
 
പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് അനുമതി നൽകുന്നത് സംസ്ഥാന സർക്കാർ അല്ലെന്നും അത് കേന്ദ്രത്തിന്റേയും ടൂറിസം മേഖലയുടെയും പരിധിയിലാണെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു. അതോടൊപ്പം ത്രീ സ്റ്റാർ ഹോട്ടലുക‌ൾക്ക് അനുമതി നൽകില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ആറ് പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് കൂടി ലൈസൻസ് ലഭിച്ചതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇതിനെതിരെയാണ് പുതിയ വെളിപ്പെടുത്തലുമായി കേന്ദ്രമന്ത്രി രംഗത്തെത്തിയിരിക്കുന്നത്.
 
സുപ്രിംകോടതി വരെ പോയി ആറ് ഹോട്ടലുകൾക്ക് കഴിഞ്ഞ ദിവസമാണ് ബാർ ലൈസൻസ് ലഭിച്ചത്. ഇവയിൽ നാലെണ്ണത്തിന് ത്രീ സ്റ്റാറിൽ നിന്നും ഫൈവ് സ്റ്റാറിലേക്ക് ഉയർത്തിയവയാണ്. ഇതോടെ സംസ്ഥാനത്ത് ലൈസൻസുള്ള ബാറുകളുടെ എണ്ണം മുപ്പത് ആയി. അനുമതിക്കായി പത്ത് ഹോട്ടലുകൾകൂടി അപേക്ഷ നൽകിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക