കേരളത്തിന്റെയും കേന്ദ്രത്തിന്റെയും ഇരുട്ടടികള്‍ നാളെമുതല്‍ പ്രാബല്യത്തില്‍

ചൊവ്വ, 31 മാര്‍ച്ച് 2015 (12:41 IST)
നാളെമുതല്‍ പുതിയ സാമ്പത്തിക വര്‍ഷം ആരംഭിക്കുന്നതൊടെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നികുതി നിര്‍ദ്ദേശങ്ങള്‍ പ്രാബല്യത്തില്‍ വരും. നികുതി നിര്‍ദ്ദേശങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതൊടെ ഉപഭോക്തൃ സംസ്ഥാനമായ കേരളത്തില്‍ വിലക്കയറ്റം അതിന്റെ സീമകള്‍ ലംഘിക്കുമെന്ന് സൂചന. റെയില്‍വെ ചരക്ക് കൂലി കൂട്ടിയ കേന്ദ്ര സര്‍ക്കാരിന്റെ നിക്കവും, ഡീസല്‍, പെട്രോള്‍ ഇന്ധനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ അധിക നികുതിയും നാളെ പ്രാബല്യത്തില്‍ വരുന്നതൊടെ കേരളത്തില്‍ നിത്യോപയോഗ, അവശ്യ സാധനങ്ങളുടെ വില കുത്തനേ ഉയരും.

കല്‍ക്കരി, സിമന്റ്, സ്റ്റീല്‍, മണ്ണെണ്ണ, എല്‍പിജി എന്നിവയുടെ കടത്തുകൂലി റയില്‍വേ ബജറ്റില്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ സിമന്റ് വില കൂട്ടാന്‍ കേന്ദ്ര ബജറ്റിലും നിര്‍ദ്ദേശമുണ്ട്. ഇത് കേരളത്തിലെ നിര്‍മ്മാണ, ഗാര്‍ഹിക മേഖലകളെ പ്രതികൂലമായി ബാധിക്കും. കല്‍ക്കരിക്ക് വിലകൂടുന്നത് വേനല്‍ക്കാലത്ത് പുറത്തു നിന്ന് വൈദ്യുതി വാങ്ങുന്ന കെ എസ് ഇ ബിയെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൊണ്ടുപോകും. ഇത് നിരക്ക് വര്‍ധനയ്ക്ക് കാരണമാകും.

ഭവന, റോഡ് നിര്‍മാണ പദ്ധതികള്‍ക്കായി പെട്രോളിനും ഡീസലിനും ഒരു രൂപ തീരുവ ഏര്‍പ്പെടുത്താനുള്ള സംസ്ഥാന ബജറ്റിലെ നിര്‍ദേശവും നാളെ മുതല്‍ പ്രാബല്യത്തിലാകും. ഇത് യാത്രാ ചെലവ് കൂട്ടാന്‍ ഇടയാക്കുമെന്നാണ് കരുതുന്നത്. കൂടാതെ കടത്തുകൂലി കൂടുന്നത് ഭക്ഷ്യവിലക്കയറ്റത്തിന് ഇടയാക്കും.  സംസ്ഥാന ബജറ്റില്‍ അരി, പഞ്ചസാര, വെളിച്ചെണ്ണ എന്നിവയ്ക്ക് ഏര്‍പ്പെടുത്തിയ അധികനികുതി പ്രതിഷേധത്തെത്തുടര്‍ന്നു പിന്‍വലിച്ചതിനാല്‍ ആ ബാധ്യത കൂടി ചുമക്കേണ്ടിവന്നില്ലെന്നും ആശ്വസിക്കാം.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്   ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക