നിങ്ങൾക്ക് വെളിവുണ്ടെങ്കിൽ രോഗമുള്ളവരെ വീട്ടിലിരുത്തുക, അവർക്ക് അരി നൽകുക: കേരളത്തിലെ ആദ്യ ലോക്ക്ഡൗൺ നിർദേശം നൽകിയത് ഗൗരിയമ്മ
ചൊവ്വ, 11 മെയ് 2021 (18:06 IST)
കൊവിഡ് വ്യാപനത്തെ തുടർന്ന് ലോകമെങ്ങും ലോക്ക്‌ഡൗൺ എന്ന പ്രയോഗം ഇപ്പോൾ പരിചിതമാണ്. എന്നാൽ ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത് 68 വർഷം മുൻപ് തിരുകൊച്ചി നിയമസഭയിൽ അന്ന് 33 വയസ്സുണ്ടായിരുന്ന ഒരു വനിതാ നേതാവ് നടത്തിയ പ്രസംഗമാണ് മാറ്റാരുമല്ല കേരളത്തിനോട് വിട പറഞ്ഞ ഗൗരിയമ്മ തന്നെ. കേരളത്തിലെ ആദ്യ ലോക്ക്ഡൗൺ നിർദേശം ഇതാണെന്ന് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്ന പോസ്റ്റിൽ പറയുന്നു. കെജി വിജയകുമാർ എന്നയാളാണ് പോസ്റ്റ് ചെയ്‌തിരിക്കുന്നത്.
വൈറലായ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ
"മന്തുള്ള വീട്ടിലെ പെണ്ണിന്റെ പേറെടുക്കാൻ പോകുന്ന മിഡ് വൈഫുമാർ ചെയ്യുന്നത് എന്താണെന്നു നിങ്ങൾക്കറിയുമോ, മിസ്റ്റർ ഗോവിന്ദ മേനോൻ (പനമ്പിള്ളി)?
വേണ്ട കോളറയുള്ള വീട്ടിൽ?
അല്ലെങ്കിൽ വസൂരിയുള്ള വീട്ടിൽ?
അവിടെയൊക്കെ പേറ് നടക്കുന്നുണ്ടെന്നെങ്കിലും നിങ്ങൾ അറിയുന്നുണ്ടോ മിസ്റ്റർ ഗോവിന്ദമേനോൻ?
ഒന്നും വേണ്ട, നാട്ടിൽ കോളറയുണ്ട്, വസൂരിയുണ്ട്, പ്ലേഗുണ്ട് എന്നെങ്കിലും നിങ്ങൾ അറിയുന്നുണ്ടോ?
ഇതിനൊക്കെ ഇടയിലൂടെ ഇന്ന് ഓരോ വീട്ടിലും കയറിയിറങ്ങാൻ ധൈര്യം ഈ മിഡ് വൈഫുമാർക്കു മാത്രമേയുള്ളു.
അവർ നിങ്ങൾ ഭരണക്കാരേപ്പോലെ അറച്ചു നിൽക്കില്ല.
ഓരോ വീട്ടിലും പോകും. പക്ഷേ, അവർക്ക് ആഴ്ചയിൽ നാലു നാഴി അരി കൊടുക്കണം എന്നു പറഞ്ഞാൽ നിങ്ങൾ ഖജനാവിനുമേൽ കെട്ടിപ്പിടിച്ചു പൂണ്ടുകിടക്കും.
കുട്ടനാട്ടിലൊക്കെ കോളറയും വസൂരിയും ഓരോ വീട്ടിലും പടർന്നു കയറുകയാണ്. ഒരു വീട്ടിൽ നിന്ന് വേറൊരു വീട്ടിലേക്ക് അതു പകരാതിരിക്കാൻ ആളുകളെ നിങ്ങൾക്കൊന്നു തടഞ്ഞു നിർത്തിക്കൂടേ? പൊലീസിന്റെ ഉച്ചഭാഷിണി കൊണ്ട് രോഗമുള്ള വീട്ടിൽ നിന്നാരും പുറത്തിറങ്ങരുതെന്ന് നിങ്ങൾക്കൊന്നു വിളിച്ചു പറഞ്ഞുകൂടേ? ഈ രോഗമൊന്നു നിൽക്കുന്നതു വരെ അകത്തു തന്നെ ഇരിക്കാൻ ആ വീടുകളിൽ ചട്ടംകെട്ടാൻ നിങ്ങൾക്ക് കഴിയാത്തത് എന്തുകൊണ്ടാണ്?
ആളുകൾ പുറത്തിറങ്ങിയില്ലെങ്കിൽ അവർക്ക് കഞ്ഞിക്കു വകയുണ്ടാവില്ല. അരി സർക്കാർ കൊടുക്കണം. അതു നിങ്ങൾക്കു കഴിയില്ല.
ഞാൻ ഈ പ്രതിപക്ഷത്തു നിന്ന് പറയുകയാണ്, നിങ്ങൾക്കു വെളിവുണ്ടെങ്കിൽ, ഈ നാടിനോട് എന്തെങ്കിലും ഉത്തരവാദിത്തം ഉണ്ടെങ്കിൽ ചെയ്യാനായി ഒന്നുകൂടി പറയുകയാണ്. രോഗമുള്ള വീട്ടിലെ ആളുകളെ വീട്ടിൽ തന്നെ ഇരുത്തുക. അവർക്കും മിഡ് വൈഫുമാർക്കും സർക്കാർ തന്നെ അരികൊടുക്കുക. അതു നിങ്ങളെക്കൊണ്ടു പറ്റുമോ? "
കേരളത്തിലെ നിയമസഭാ രേഖകളിൽ ഉള്ള ആദ്യത്തെ ലോക്ഡൗൺ നിർദേശം. കെ.ആർ ഗൗരിയമ്മ എന്ന മുപ്പത്തിമൂന്നുകാരി, 68 വർഷം മുൻപ് തിരുകൊച്ചി നിയമസഭയിൽ നടത്തിയ ഒരു പ്രസംഗമാണ്.