സര്‍ക്കാര്‍ പരസ്യം: സുപ്രീംകോടതി അധികാരപരിധി ലംഘിക്കുന്നു- കെസി ജോസഫ്

വെള്ളി, 15 മെയ് 2015 (11:53 IST)
രാഷ്‌ട്രപതി, പ്രധാനമന്ത്രി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവരല്ലാതെ വേറെ ഒരു രാഷ്‌ട്രീയ നേതാക്കളുടെയും മുഖം സര്‍ക്കാര്‍ പരസ്യങ്ങളില്‍ ഉണ്ടാകരുതെന്ന സുപ്രീംകോടതി വിധിക്കെതിരേ മന്ത്രി കെസി ജോസഫ് രംഗത്ത്. പ്രധാനമന്ത്രിയുടെ ചിത്രം പരസ്യത്തില്‍ ഉള്‍പ്പെടുത്താമെങ്കില്‍ ഒരു സംസ്ഥാനത്തിന്റെ തലവനായ മുഖ്യമന്ത്രിയുടെ ചിത്രവും പരസ്യത്തില്‍ ഉള്‍പ്പെടുത്താം. സുപ്രീംകോടതി അധികാരപരിധി ലംഘിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സുപ്രീംകോടതി ചീഫ് ജസ്റീസിന്റെ ചിത്രം എന്തിനാണു പരസ്യങ്ങളില്‍ നല്‍കുന്നതെന്നും അദ്ദേഹം ചോദിച്ചു.

സര്‍ക്കാരിന്റെ പരസ്യങ്ങളില്‍ പ്രധാനമന്ത്രി, രാഷ്‌ട്രപതി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവരുടെ ചിത്രങ്ങള്‍ മാത്രമേ ഉപയോഗിക്കാന്‍ കഴിയുകയുള്ളൂവെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. കൂടാതെ, മരണമടഞ്ഞ നേതാക്കളുടെയും രാഷ്‌ട്രപിതാവിന്റെയും ചിത്രങ്ങളും വിധിയുടെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാല്‍, ഏതെങ്കിലും മുഖ്യമന്ത്രിമാരുടെയോ രാഷ്‌ട്രീയ നേതാക്കളുടെയോ ചിത്രങ്ങള്‍ സര്‍ക്കാര്‍ പരസ്യങ്ങളില്‍ നല്കാന്‍ പാടില്ല. പരസ്യങ്ങളില്‍നിന്ന് രാഷ്ട്രീയക്കാരുടെ ചിത്രം ഒഴിവാക്കാനുളള നിര്‍ദേശം സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ക്ക് മേലുളള കടന്നുകയറ്റമാണെന്ന് ഡിഎംകെ അധ്യക്ഷന്‍ എം.കരുണാനിധിയും പറഞ്ഞിരുന്നു.

വെബ്ദുനിയ വായിക്കുക