കടക്കാരെ പേടിച്ച് വീട്ടിൽ 'കള്ളനെ' കയറ്റി; കായംകുളത്തെ സ്വർണ്ണമോഷണം കെട്ടുകഥയെന്ന് പൊലീസ്

ചൊവ്വ, 14 മെയ് 2019 (07:51 IST)
അന്വേഷണസംഘത്തെ കറക്കിയ സ്വർണ്ണമോഷണ കേസ് കെട്ടുകഥയെന്ന് പൊലീസ്. ആളില്ലാത്ത വീട് കുത്തിത്തുറന്ന് അരക്കിലോ സ്വർണ്ണാഭരണങ്ങളും ഒന്നേകാൽ ലക്ഷം രൂപയും കവർന്ന പരാതിയാണ് കെട്ടുകഥയെന്ന് പൊലീസ് വ്യക്തമാക്കി. കടക്കാരിൽ നിന്നും രക്ഷപെടാനുള്ള തന്ത്രമായിരുന്നു മോഷണകഥയെന്ന് പൊലീസ് പറയുന്നു.
 
കായംകുളം ചേരാവള്ളി ഇല്ലത്തു വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന സ്വർണ്ണവ്യാപാരി മഹാരാഷ്ട്ര സ്വദേശി സന്തോഷ്‌‌പവാറിന്റെ വീട്ടിൽ നിന്നും അരക്കിലോ സ്വർണ്ണാഭരണങ്ങളും 1,25,000 രൂപയും മോഷണം പോയെന്നായിരുന്നു പരാതി. കഴിഞ്ഞ നാലിനു സന്തോഷ്‌പവാറും കുടുംബവും ചേർത്തലയിലുള്ള ബന്ധുവീട്ടിൽ പോയി രണ്ടു ദിവസം കഴിഞ്ഞാണ് മടങ്ങിയെത്തിയത്. വീടിന്റെ മുൻ‌വശത്തെ കതക് കുത്തിത്തുറന്ന നിലയിൽ കണ്ടുവെന്നും വീടിനുള്ളിൽ കയറിയപ്പോഴാണ് മോഷണവിവരം അറിഞ്ഞതെന്നും ഇവർ പരാതിയിൽ പറയുന്നു. 
 
മെത്തക്കടിയിൽ സൂക്ഷിച്ചിരുന്ന താക്കോൽ എടുത്ത് അലമാര തുറന്നാണ് മോഷണം നടത്തിയെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞു. പൊലീസും വിരലടയാള വിദഗ്ദരും എത്തി പരിശോധന നടത്തിയെങ്കിലും തെളിവും ലഭിച്ചില്ല. അന്വേഷണം വ്യാപിപ്പിച്ചെങ്കിലും ഫലമുണ്ടായില്ല. സംശയം തോന്നിയ പൊലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് മോഷണക്കഥ പൊളിഞ്ഞത്. 
 
അടുത്തിടെ, ഇയാൾ 50 ലക്ഷത്തോളം രൂപ മുടക്കി വീട് വാങ്ങിയിരുന്നു. ഇതുമൂലം സാമ്പത്തിക പ്രതിസന്ധിയുണ്ടായി. കടക്കാരിൽ നിന്നും രക്ഷപെടാനുള്ള തന്ത്രമായിരുന്നു മോഷണക്കഥയെന്ന് പൊലീസ് പറയുന്നു. കടകളിൽ നിന്നും സ്വർണ്ണം വാങ്ങി പണത്തിനു പകരം ആഭരണങ്ങൾ നൽകുകയായിരുന്നു ഇയാളുടെ പതിവ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍