കതിരൂര്‍ മനോജ് വധക്കേസ്: പി ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

ചൊവ്വ, 19 ജനുവരി 2016 (11:49 IST)
കതിരൂര്‍ മനോജ് വധക്കേസില്‍ സി പി എം കണ്ണൂര്‍ ജില്ല സെക്രട്ടറി പി ജയരാജന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെതാണ് വിധി. പ്രതിയല്ലാത്തതിനാല്‍ മുന്‍കൂര്‍ ജാമ്യം നല്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.
 
ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തിങ്കളാഴ്ച വാദം പൂര്‍ത്തിയായിരുന്നു. രാവിലെ 11.55ന് പരിഗണിച്ച കേസില്‍ 45 മിനിറ്റോളം ഇരുഭാഗവും വാദം നടത്തിയിരുന്നു.
 
ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തേക്കുമെന്ന ആശങ്കയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കാന്‍ കാരണമെന്ന് ആയിരുന്നു ജയരാജന്റെ അഭിഭാഷകന്‍ കെ വിശ്വന്‍ വാദിച്ചത്. അന്വേഷണം തുടങ്ങിയിട്ട് 505 ദിവസമായി. ഇത്രയും ദിവസമായിട്ടും ജയരാജനെതിരെ തെളിവ് ശേഖരിക്കാന്‍ സി ബി ഐക്ക് സാധിച്ചിട്ടില്ലെന്നും ജയരാജന്റെ അഭിഭാഷകന്‍ വാദിച്ചിരുന്നു. എന്നാല്‍, ഈ വാദമുഖങ്ങളെ എല്ലാം തള്ളി കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളുകയായിരുന്നു.

വെബ്ദുനിയ വായിക്കുക