‘കഥകളിക്ക്’ കത്രിക; സെൻസർ ബോർഡ് രാഷ്ട്രീയം കളിക്കുന്നുവെന്ന് - പ്രതിഷേധവുമായി ഫെഫ്‌ക രംഗത്ത്
ഞായര്‍, 19 ജൂണ്‍ 2016 (14:33 IST)
കഥകളി എന്ന സിനിമയ്ക്ക് സെൻസർ ബോർഡ് പ്രദർശന അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് ഫെഫ്‌കയുടെ നേതൃത്വത്തിൽ തിങ്കളാഴ്‌ച തിരുവനന്തപുരം ചിത്രാഞ്ജലി സ്‌റ്റുഡിയോയിലെ സെൻസർ ബോർഡ് ഓഫീസ് ഉപരോധിക്കും. പ്രമുഖ സിനിമാ പ്രവർത്തകർ പങ്കെടുക്കുമെന്ന് ഫെഫ്‌ക ഭാരവാഹികൾ അറിയിച്ചു.
സെൻസർ ബോർഡ് രാഷ്ട്രീയം കളിക്കുകയാണെന്ന് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ ആരോപിച്ചു. കഥകളി എന്ന സിനിമക്ക് കലാമൂല്യമുണ്ടെന്ന് വിലയിരുത്തിയിട്ടും നഗ്നതയുണ്ടെന്ന പേരിൽ ചിത്രത്തിന് സർട്ടിഫിക്കറ്റ് നിഷേധിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സെൻസർ ബോർഡിന്റെ നടപടിക്കെതിരെ കോടതിയെ സമീപിക്കാനും ഫെഫ്‌ക തീരുമാനിച്ചിട്ടുണ്ട്.
അംഗപരിമിതനായ സൈജോ കണ്ണാനിക്കല്‍ സംവിധാനം ചെയ്ത കഥകളി എന്ന സിനിമയില്‍ നഗ്നതാ പ്രദര്‍ശനം ഉണ്ടെന്ന കാരണത്താലാണ് സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ചത്. സിനിമയിലെ നായകന്‍ കഥകളി വസ്‌ത്രങ്ങള്‍ പുഴയില്‍ ഉപേക്ഷിച്ചു നഗ്‌നായി തിരിഞ്ഞു നടന്നു പോകുന്നതാണ് സെന്‍സര്‍ ബോര്‍ഡിനെ ചൊടിപ്പിച്ചത്.
സിനിമ കണ്ട സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ കലാമൂല്യമുള്ള ചിത്രമെന്ന് വിലയിരുത്തിയിട്ടും നഗ്നതയുടെ പേരില്‍ സെന്‍സര്‍ ബോര്‍ഡിന്റെ സംസ്ഥാന പ്രതിനിധി സര്‍ട്ടിഫിക്കറ്റ് നിഷേധിക്കുകയായിരുന്നുവെന്നും ഫെഫ്ക പറഞ്ഞു. ഇതിനെത്തുടര്‍ന്നാണ് പ്രതിഷേധം നടത്തുന്നതെന്ന് ഫെഫ്‌ക ഭാരവാഹികൾ വ്യക്തമാക്കി.