കരിപ്പൂര്‍ വിമാനത്താവളം അടച്ചിടാനുള്ള തീരുമാനം പുനഃപരിശോധിക്കും: ചീഫ് സെക്രട്ടറി

വ്യാഴം, 2 ഏപ്രില്‍ 2015 (14:29 IST)
കരിപ്പൂര്‍ വിമാനത്താവളത്തിലെ പുനര്‍നിര്‍മാണത്തിനായി റണ്‍വേ അടച്ചിടാനുള്ള തീരുമാനം പുനഃപരിശോധിക്കുമെന്ന് ചീഫ് സെക്രട്ടറി ജിജി തോംസണ്‍. അടുത്തയാഴ്ച  ചേരുന്ന ഉന്നതതലയോഗം വിഷയം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ 54 വിള്ളലുകള്‍ റണ്‍വേയില്‍ കണ്ടെത്തിയ സാഹചര്യത്തില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങാനുള്ള ശേഷി റണ്‍വേക്കില്ലെന്ന് കണ്ടെത്തിയിരുന്നു.  തുടര്‍ന്ന് പുനര്‍നിര്‍മാണത്തിനായി വിമാനത്താവളം ഭാഗികമായി അടച്ചിടാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ മലബാര്‍ മേഖലയിലെ ഒട്ടേറെ ഗള്‍ഫ് യാത്രികര്‍ വിമാനത്താവളത്തെ ആശ്രയിക്കുന്നതിനാല്‍ വിമാനത്താവളം അടച്ചിടാനുള്ള തീരുമാനത്തില്‍ വ്യാപകമായ എതിര്‍പ്പ് ഉയരുകയായിരുന്നു. സെന്‍ട്രല്‍ റോഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടാണ് റണ്‍വേയുടെ ശേഷിയെ കുറിച്ച് വിശദമായ പഠനം നടത്തിയത്.

മേയ് ഒന്നുമുതല്‍ ഒരു വര്‍ഷത്തേക്കാണ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പരിമിതപ്പെടുത്തുക. ഉച്ചക്ക് 12 മണിമുതല്‍ രാത്രി 8 വരെ വിമാനത്താവളം അടച്ചിടും. ഈ സമയത്ത് അറ്റകുറ്റപ്പണികള്‍ നടത്തും. ആറുമാസങ്ങള്‍ക്കു ശേഷം മാത്രമേ വലിയ വിമാനങ്ങള്‍ ഇറങ്ങാന്‍ അനുവദിക്കുകയുള്ളൂ. പ്രവര്‍ത്തന സമയം 16 മണിക്കൂറായി ക്രമീകരിക്കും. ഇതുമൂലം വിമാന സര്‍വീസുകളുടെ എണ്ണത്തിലും കുറവുണ്ടാകും.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക