കരിമണല്‍ ഖനനം: സംയുക്ത പ്രക്ഷോഭത്തിന് തൊഴിലാളികള്‍

ശനി, 29 നവം‌ബര്‍ 2014 (09:02 IST)
കേരളത്തില്‍ സ്വകാര്യ മേഖലയില്‍ കരിമണല്‍ ഖനനത്തിന് സമര്‍പ്പിച്ച അപേക്ഷകള്‍ പരിഗണിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് നിര്‍ദേശം നല്‍കിയ സാഹചര്യത്തില്‍ വിധിക്കെതിരെ തൊഴിലാളി സംഘടനകള്‍. ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാനാണു കെഎംഎംഎല്ലിലെ ട്രേഡ് യൂണിയനുകള്‍ ആലോചിക്കുന്നത്.

കരിമണല്‍ ഖനനം അനുവദിച്ചാല്‍ സംയുക്ത പ്രക്ഷോഭം ആരംഭിക്കുമെന്നു തൊഴിലാളി സംഘടനാ നേതാക്കള്‍ അറിയിച്ചു. അതേസമയം, ചവറ ഐആര്‍ഇയുടെയും കെഎംഎംഎല്ലിന്റെയും ദൗര്‍ബല്യം ചൂഷണം ചെയ്യാനാണ് സ്വകാര്യ കരിമണല്‍ ലോബിയുടെ ശ്രമമെന്ന് മന്ത്രി ഷിബു ബേബി ജോണ്‍ പറഞ്ഞു.

സ്വകാര്യ കരിമണല്‍ ലോബിയുടെ സ്വാധീനമാണ് ഇതിന് പിന്നില്‍. അപ്പീല്‍ ഫയല്‍ ചെയ്യുന്നതിലെ കാലതാമസം അന്വേഷിക്കേണ്ടതു വ്യവസായ വകുപ്പാണെന്നും അദ്ദേഹം പറഞ്ഞു. ഖനനം നടത്താന്‍ അനുമതി നല്‍കിയാല്‍ തൊഴിലാളി സംഘടനകള്‍ യോജിച്ച് പ്രക്ഷോഭമാരംഭിക്കുമെന്നും കെഎംഎംഎല്‍ കോണ്‍ഗ്രസ് അനുകൂല സംഘടനാ നേതാക്കള്‍ അറിയിച്ചു.

കരിമണല്‍ ഖനനത്തിന് സമര്‍പ്പിച്ച 29 അപേക്ഷകള്‍ വിശദമായി പരിശോധിച്ച് തീരുമാനമെടുക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. 2013ലെ സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഡിവിഷന്‍ ബഞ്ച് തള്ളിയാണ് വിഷയത്തില്‍ കോടതി പുതിയ ഉത്തരവിറക്കിയത്.  

ഖനനം സ്വകാര്യ-സംയുക്ത മേഖലകള്‍ക്ക് നല്‍കുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുകയും സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം പുനപരിശോധിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുള്ളതുമാണ്. ഇക്കാര്യത്തിലുള്ള കേന്ദ്രനയത്തിന് വിരുദ്ധമാണ് സംസ്ഥാനത്തിന്റെ നയമെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതോടെ സംസ്ഥാനത്തെ സ്വകാര്യ മേഖലയില്‍ കരിമണല്‍ ഖനനത്തിന് വഴിയൊരുങ്ങുകയാണ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക