കണ്ണൂരില്‍ കുളം കലക്കാന്‍ ബിജെപി, സിപി‌എം പ്രതിരോധത്തില്‍

ബുധന്‍, 26 നവം‌ബര്‍ 2014 (14:29 IST)
കതിരൂര്‍ മനോജ് വധം സജീവമായി നിര്‍ത്തുന്നതിന്റെ ഭാഗമായി സിപി‌എമ്മിന്റെ ശക്തികേന്ദ്രങ്ങളില്‍ അനുസ്മരണ സമ്മേളനങ്ങള്‍ നടത്താന്‍ ബിജെപി നീക്കം.  കെടി ജയകൃഷ്ണന്‍ ബലിദാന ദിനം ഇതിനായി ആഘോഷിക്കാനുള്ള തയ്യാറെടുപ്പുകളിലാണ് കണ്ണൂരിലെ ബിജെപി നേതൃത്വം. സിപിഎം കോട്ടയായ പയ്യന്നൂരിലാണ് ഇപ്രാവശ്യം ജയകൃഷ്ണന്‍ അനുസ്മരണം നടത്തുന്നത്.

അതിനു പുറമെ ബിജെപി പ്രവര്‍ത്തകനായ വിനോദ് കുമാര്‍ കൊല്ലപ്പെട്ട സ്ഥലത്തുതന്നെ ബിജെപി ശക്തി പ്രകടനത്തിനും പദ്ധതിയിട്ടിട്ടുണ്ട്. സംഭവങ്ങള്‍ അറിഞ്ഞതോടെ കണ്ണുരിലെ ജില്ലാ ഭരനകൂടവും പൊലീസും അതീവ ജാഗ്രതിയിലാണ്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ ഒന്നിന് കണ്ണൂരില്‍ നടത്തിയ ബലിദാനചടങ്ങിനുള്ള യാത്രമധ്യേ ആണ് പയ്യന്നൂര്‍ എടാട്ട് വെച്ച് ബിജെപി പ്രവര്‍ത്തകനായ വിനോദ് കുമാര്‍ കൊല്ലപ്പെട്ടത്. ഡിവൈഎഫ് ഐ പ്രവര്‍ത്തകരുമായുണ്ടായ സംഘര്‍ഷത്തിനിടെ വിനോദ് കുമാറിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

മനോജ് വധക്കേസില്‍ പ്രതിക്കൂട്ടിലായ സിപിഎമ്മിനെ പാര്‍ട്ടിയുടെ തട്ടകത്തില്‍ തന്നെ പ്രതിരോധിക്കാനാണ് ബിജെപി ഇത്തവണ ലക്ഷ്യമിടുന്നത്. ഇതുവഴി വിനോദിന്റെ കൊലപാതവും ബലിദാനദിനത്തില്‍ സജീവമാക്കി നിര്‍ത്താനാണ് പാര്‍ട്ടിയുടെ തീരുമാനം. ബലിദാനത്തോട് അനുബന്ധിച്ച് അക്രമ സംഭവങ്ങള്‍ക്ക് സാധ്യതയുണ്ടെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരങ്ങള്‍. കഴിഞ്ഞ ദിവസവും സിപി‌എം ബിജെപി പ്രവര്‍ത്തകര്‍ തമില്‍ സംഘര്‍ഷമുണ്ടാവുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കിയും ചെയ്തിരുന്നു എന്നതിനാല്‍ പൊലീസിന് വരുന്ന ദിവസങ്ങള്‍ തലവേദനയുടേതാകുമെന്ന് ഉറപ്പായി.

ബിജെപിയുടെ അഖിലേന്ത്യ നേതാക്കളെ പയ്യന്നൂരില്‍ എത്തിച്ച് ബലിദാനദിനം വിജയിപ്പിക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം. കതിരൂര്‍ മനോജ് വധം, വിനോദ് കുമാര്‍ വധം, കെ ടി ജയകൃഷ്ണന്‍ വധം എന്നിവ ഒരേ ദിനത്തില്‍ സംയോജിപ്പിച്ച് പാര്‍ട്ടീ കേന്ദ്രങ്ങളില്‍ നടത്തുന്നത് സിപി‌എമ്മിന് തലവേദന സൃഷ്ടിച്ചിട്ടുണ്ട്. ഇത് തടയാന്‍ പിന്നണിയില്‍ ശ്രമം നടക്കുന്നതായി വിവരമുണ്ട്. പയ്യനൂരില്‍ ബിജെപിയുടെ ചടങ്ങിന് നഗരസഭ അനുമതി നിഷേധിച്ചത് ഇതിന്റെ തെളിവാണ്. ഇതിനെ വിമര്‍ശിച്ചുകൊണ്ട് ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക