"തട്ടിക്കൊണ്ടുപോകപ്പെട്ട" മാനേജര്‍ പൊലീസ് പിടിയില്‍
റിസോര്‍ട്ടിലെ മാനേജരെ ആയുധധാരികളായ സംഘം തട്ടിക്കൊണ്ടുപോയി എന്ന സംഭവം വ്യാജമാണെന്നു തെളിഞ്ഞു. സംഭവത്തില്‍ "തട്ടിക്കൊണ്ടുപോകപ്പെട്ട" മാനേജര്‍ അങ്കമാലിയില്‍ നിന്ന് പൊലീസ് പിടിയിലായി. തട്ടിക്കൊണ്ടുപോകല്‍ നാടകം എന്തിനായിരുന്നു എന്നത് ഇതുവരെ അറിവായിട്ടില്ല. ചോദ്യം ചെയ്യല്‍ തുടരുന്നു.
മേപ്പാടി റിപ്പണ്‍ വാളത്തൂര്‍ 'മൈ ഗാര്‍ഡന്‍ ഓഫ് ഏദന്‍" എന്ന് റിസോര്‍ട്ട് മാനേജര്‍ ലിജീഷ് എന്ന ഈങ്ങാപ്പുഴ സ്വദേശിയായ 32 കാരനെയാണു കഴിഞ്ഞ ദിവസം രാത്രി അങ്കമാലി കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡില്‍ നിന്ന് പിടികൂടിയത്.
ഇയാള്‍ ഇവിടത്തെ ഒരു കോയിന്‍ ബോക്സ് ഫോണില്‍ നിന്ന് ഒരു ബന്ധുവിനെ വിളിച്ചിരുന്നു. ഈ ഫോണ്‍ സന്ദേശത്തിന്‍റെ ഉറവിടം അന്വേഷിച്ചെത്തിയ പൊലീസാണ് ഇയാളെ കുടുക്കിയത്. കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെ ഇയാളെ പത്തു പേരോളം വരുന്ന ഹിന്ദിയും തെലുങ്കും കന്നഡയും സംസാരിക്കുന്ന മാവോയിസ്റ്റ് സംഘമാണു തട്ടിക്കൊണ്ടുപോയത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.