ചേട്ടനെ അവര്‍ കൊലപ്പെടുത്തുകയായിരുന്നു; പാടിയിലെത്തിയ പലരും മണിക്ക് പണം നല്‍കാനുണ്ടായിരുന്നു, അന്വേഷണം അവസാനിപ്പിച്ച മട്ടാണ്- പ്രക്ഷോഭത്തിനൊരുങ്ങി കുടുംബം
വ്യാഴം, 12 മെയ് 2016 (12:01 IST)
കലാഭവന്‍ മണിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്‌ണന്‍. സാമ്പത്തിക ഇടപാടുകളാകാം അദ്ദേഹത്തിന്റെ മരണത്തിന് കാരണമായത്. സാമ്പത്തിക തിരിമറികള്‍ നടത്തിയത് ബന്ധുക്കളായാലും അറസ്‌റ്റ് ചെയ്യണം. മരണം നടന്ന് രണ്ടു മാസം പിന്നിട്ടിട്ടും അന്വേഷണത്തില്‍ യാതൊരു പുരോഗതിയും കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മണിയുടെ മരണത്തിലെ അന്വേഷണത്തില്‍ വീഴ്‌ച വരുന്ന സാഹചര്യത്തില്‍ കുടുംബത്തിന് അതൃപ്‌തിയുണ്ട്. അന്വേഷണം പൊലീസ് അവസാനിപ്പിച്ച മട്ടാണ്. പലരില്‍ നിന്നും മൊഴി എടുത്തതല്ലാതെ ഒരിഞ്ചുപോലും പോലും മുന്നോട്ടു പോകാന്‍ അന്വേഷണ സംഘത്തിനായിട്ടില്ല. ഇതിനെതിരെ കുടുംബം പ്രക്ഷോഭത്തിനൊരുങ്ങുകയാണെന്നും രാമകൃഷ്‌ണന്‍ പറഞ്ഞു.
പാടിയിലെത്തിയ പലരും ചേട്ടന് പണം നല്‍കാന്‍ ഉള്ളവരായിരുന്നു. ചേട്ടന്‍ ഇവരോട് തുടര്‍ച്ചയായി പണം ആവശ്യപ്പെട്ടതോടെ ഇവര്‍ അങ്കലാപ്പില്‍ ആയിരുന്നു. അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നവര്‍ തുടര്‍ച്ചയായി മദ്യം നല്‍കുകയും അതില്‍ ഘട്ടം ഘട്ടമായി വിഷം കലര്‍ത്തിയിരുന്നോ എന്നും സംശയം ഉണ്ടെന്നും രാമകൃഷ്‌ണന്‍ പറഞ്ഞു.
കലാഭവൻ മണി മരിച്ചിട്ട് രണ്ട് മാസമായിട്ടും മരണത്തിലെ ദുരൂഹത നീക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. ദുരൂഹ മരണം സംബന്ധിച്ചുള്ള പൊലീസ് അന്വേഷണം പാതിവഴിയിൽ നിലച്ചു. മണിയുടെ ശരീരത്തിൽ കണ്ടെത്തിയ മെഥനോളിന്റേയും കീടനാശിനിയുടേയും അംശം കണ്ടെത്താൻ അന്വേഷണ സംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഹൈദരാബാദിലെ കേന്ദ്രഫൊറന്‍സിക് ലാബിലെ പരിശോധന ഫലം ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം.
കാക്കനാട് ലാബിലെ ആന്തരികാവയവ പരിശോധനയില്‍ കണ്ടെത്തിയ മെഥനോളിന്റെയും ക്ലോറോ പെറിഫോസിന്റെയും സാന്നിധ്യത്തിന്റെ അളവ് സംബന്ധിച്ച് ഇനിയും നിഗമനമായില്ല. കേസിന്റെ പ്രാധാന്യം കണക്കിലെടുത്ത് അന്വേഷണം വേഗത്തിലാക്കാനുള്ള ഇടപെടല്‍ ആഭ്യന്തര വകുപ്പില്‍ നിന്നും ഉണ്ടായിട്ടില്ലെന്നും ആരോപണമുണ്ട്.