പത്തു വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം മണിച്ചേട്ടനെ കണ്ടപ്പോൾ...: സാബു
ചൊവ്വ, 14 ജൂണ്‍ 2016 (18:15 IST)
കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ അവസാനിക്കുന്നില്ല. മണിയുടെ മരണവുമായി ബന്ധപ്പെട്ട് നടൻ സാബുവിനെതിരെ മണിയുടെ സഹോദരൻ ആരോപണങ്ങൾ ഉന്നയിച്ചതിനെതിരെ നിരവധി തവണ സാബു രംഗത്തെത്തിയിരുന്നു. എന്നാൽ രാമകൃഷ്ണനെതിരെ ശക്തമായ രീതിയിലാണ് സാബു ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സാബു ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
സാബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
ഞാൻ എന്തിനാണ് ഇത്തരത്തിൽ പ്രതികരിക്കുന്നത് എന്ന് അറിയാൻ ആഗ്രഹിക്കുന്നവർക്കായിട്ട്.
പത്ത് വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം മണിചേട്ടനെ ഞാൻ കണ്ടത്, ദൗർഭാഗ്യവശാൽ ഇപ്പോൾ വ്യാഖ്യാനങ്ങളാൽ വഷളാക്കപ്പെട്ടിരിക്കുകയാണ്. ഒരു വ്യാജ വാട്ട്സപ്പ് പ്രചരണത്തിലൂടെ ഞാൻ ഇതിലേക്ക് വലിച്ചിഴയ്ക്കപ്പെടുകയായിരുന്നു. വ്യാജ സന്ദേശത്തിന് അടിസ്ഥാനമില്ലാഞ്ഞിട്ട് കൂടി മണിയുടെ സഹോദരൻ രാമകൃഷ്ണൻ എന്റെ നേർക്ക് മോശം ആരോപണങ്ങൾ ഉന്നയിക്കാൻ തുടങ്ങി. എന്തുകൊണ്ടാണത്? ആരോപണങ്ങളിൽ തരിമ്പുപോലും സത്യമില്ല. ഇതിന്റെ പ്രതി ഞാനല്ല.
എന്നാൽ, എന്നെ ടാർഗറ്റ് ചെയ്താണ് രാമകൃഷ്ണൻ ആരോപണങ്ങൾ ഉന്നയിക്കുന്നത്. എന്റെ നേരെ മാധ്യമ വിചാരണം നടത്തണം എന്ന ഉദ്ദേശത്തോടുകൂടിയാണ് അവൻ ഇതെല്ലാം ചെയ്യുന്നത്. എന്നെ അവൻ ടാർഗറ്റ് ചെയ്തപ്പോൾ നിങ്ങൾ ഉൾപ്പെടെ എല്ലാവരും മിണ്ടാതിരുന്നു. അതുകൊണ്ടാണ് ഞാൻ ഇപ്പോൾ ചില ചോദ്യങ്ങൾ ചോദിച്ച് തുടങ്ങിയത്. പൊതുജനത്തെ എനിയ്ക്കെതിരെ സംസാരിക്കാനാണ് രാമകൃഷ്ണൻ ശ്രമിച്ചത്. എന്തിനാണ് മൂന്നാം മുറയിൽ എന്നെ ചോദ്യം ചെയ്യണമെന്ന് അവൻ പറയുന്നത്? ഈ ചോദ്യങ്ങളെല്ലാം മാധ്യമങ്ങളിലൂടെയാണ് വരുന്നത്.
രാമകൃഷ്ണനിൽ നിന്നും ഉന്നയിക്കപ്പെടുന്ന ഇത്തരം ആരോപണങ്ങൾ മൂലം എന്റെ കുടുംബത്തിനും, എനിയ്ക്കും ഉണ്ടായ വേദന, എന്റെ അവകാശങ്ങൾ ഇതിനെയെല്ലാം ചോദ്യം ചെയ്തപ്പോൾ ആരേയും കണ്ടില്ല. സമൂഹത്തിന് മുന്നിൽ രാമകൃഷ്ണൻ കെട്ടിച്ചമയ്ക്കുന്ന കഥകൾക്കെതിരെയാണ് ഞാൻ സംസാരിച്ചത്. ഞാൻ സത്യം പറയും, അസുഖകരമായ ചോദ്യങ്ങൾ ഉന്നയിക്കും. ഒരു സഹോദരന്റെ വേദന മനസ്സിലാക്കാൻ എനിയ്ക്ക് സാധിക്കും. പക്ഷേ ഒരാളെ മോശവത്കരിക്കുന്നതിന് അത് ഒരു എക്സ്ക്യൂസല്ല. ഈ ആരോപണങ്ങൾക്ക് പിന്നിൽ ഉള്ള രാമകൃഷ്ണന്റെ ഉദ്ദേശ്യം എന്താണെന്ന് പൊതുസമൂഹം അറിഞ്ഞിരിക്കണം.
ഈ പ്രചാരണത്തിലൂടെ അവൻ നേടുന്ന സാമ്പത്തിക നേട്ടം പുറത്ത് കൊണ്ടുവരേണ്ടതുണ്ട്. ഞാൻ ചോദിക്കുന്ന ചോദ്യം എല്ലാവരുടെയും മനസ്സിൽ ഉള്ളത് തന്നെയാണ്. ഇരുപതോ അതിൽ കൂടുതലോ ആളുകൾ മണിച്ചേട്ടനെ കണ്ടിട്ടുണ്ട്. അവരെയാരേയും രാമകൃഷ്ണൻ ലഹരിയ്ക്ക് അടിമയെന്ന് വിളിക്കുകയോ, സമൂഹത്തിൽ മോശമായി ചിത്രീകരിക്കുകയോ ചെയ്തതായിട്ട് ഞാൻ കട്ടിട്ടുമില്ല, കേട്ടിട്ടുമില്ല.
എന്റെ മീഡിയ പ്രൊഫഷൻ വഴി എനിയ്ക്ക് ഉയർന്ന വാർത്താ മൂല്യം ഉണ്ടെന്ന് തിരിച്ചറിഞ്ഞ രാമകൃഷ്ണൻ പൊതുസമൂഹത്തിന്റെ അനുഭാവം പിടിച്ച് പറ്റുന്നതിനായിട്ടാണ് പ്രചരണം നടത്തിയത്. ഈ സത്യം പുറത്ത്കൊണ്ടു വരേണ്ടതുണ്ട്. പക്ഷേ ആരത് ചെയ്യും?.
ഞാൻ ചോദിച്ച ഒരു ചോദ്യത്തിന് അവൻ മറുപടി നൽകിയിട്ടില്ല. വളരെ മൂല്യമായ ചോദ്യമാണ് ഞാൻ ചോദിക്കുന്നത്...ചിലപ്പോൾ വേദനയുള്ളതായിരിക്കാം...പക്ഷേ ഞാൻ അടങ്ങുന്ന ഓരോ മണി ഫാൻസും അതിന്റെ ഉത്തരം അറിയാൻ ആഗ്രഹിക്കുന്നു.
രാമകൃഷ്ണന്റെ തെറ്റായ പ്രസ്താവനകൾ വഴി എനിയ്ക്കും എന്റെ ഭാര്യയ്ക്കും കുട്ടികൾക്കും മാതാപിതാക്കൾക്കും സഹോദരീസഹോദരന്മാർക്കും മാനസികമായി വിഷമം ഉണ്ടായി. അവനെതിരെ കേസ് നൽകും, മാധ്യമങ്ങൾ വഴി ഉത്തരം പറയും.