സാറ്റലൈറ്റ് റൈറ്റില്ലാത്ത നടനെന്ന് മുദ്രകുത്തി മണിയുടെ സിനിമകള്‍ വേണ്ടെന്ന് പറഞ്ഞ ചാനലുകള്‍ ഇന്ന് അദ്ദേഹത്തെ ആഘോഷിക്കുന്നു; കൂടെയുള്ളവര്‍ കാരണം മണിക്ക് നഷ്‌ടമായത് അഞ്ചുവര്‍ഷമാണ്- സംവിധായകന്‍ സജീവന്‍ അന്തിക്കാട്

ചൊവ്വ, 22 മാര്‍ച്ച് 2016 (13:14 IST)
അസാമാന്യമായ വേഷപ്പകര്‍ച്ച കൈവരുത്താന്‍ കഴിയുന്ന അത്ഭുതനടനായിരുന്ന കലാഭവന്‍ മണിയുടെ ജീവിത കാലയളവിലെ അവസാന അഞ്ചുവര്‍ഷങ്ങളില്‍ അധികം സിനിമകളൊന്നും ലഭിച്ചിരുന്നില്ലെന്ന് സംവിധായകന്‍ സജീവന്‍ അന്തിക്കാട്. കൂട്ടുകാരെന്നും മാനേജര്‍മാരെന്നുമൊക്കെ വിശേഷിപ്പിച്ചിരുന്ന ആളുകള്‍ കഥപറയാന്‍ എത്തുന്നവരെ മണിയില്‍ നിന്ന് അകറ്റി നിര്‍ത്തിയെന്നും അദ്ദേഹം മാതൃഭൂമി ദിനപത്രത്തിന്റെ എഡിറ്റ് പേജില്‍ എഴുതിയ പെയ്‌തൊഴിയാതെ മണി എന്ന ലേഖനത്തില്‍ വ്യക്തമാക്കുന്നു.

ലേഖനത്തിന്റെ പ്രസക്‍ത ഭാഗങ്ങള്‍:-

മണി നായകനായി അഭിനയിച്ച ഒന്നോ രണ്ടോ സിനിമകള്‍ തിയറ്റേറുകളില്‍ പരാജയപ്പെട്ടതോടെ മലയാളത്തിലെ പ്രധാന ചാനലുകള്‍ മണിയുടെ സിനിമകള്‍ ഇനി വാങ്ങേണ്ടതില്ലെന്ന് തീരുമാനിച്ചു. ടാം റേറ്റിങ് അടിസ്ഥാനപ്പെടുത്തിയാണ് ചാനലുകള്‍ ഈ തീരുമാനത്തില്‍ എത്തിയത്. മണി നായകനായി അഭിനയിച്ച സിനിമകള്‍ ടെലിവിഷനില്‍ വരുമ്പോള്‍ പ്രേക്ഷകര്‍ മറ്റു ചാനലുകള്‍ തേടി പോകുന്നുവെ ന്ന തരത്തിലുളള റേറ്റിങ്ങാണ് ടാം നടത്തിയത്.

ഇതോടെ മണി അഭിനയിച്ച സിനിമകള്‍ പ്രദര്‍ശിക്കുന്ന സമയത്തുളള പരസ്യവരുമാനവും കുറയുന്നു. ഇതുമൂലം സാറ്റലൈറ്റ് റൈറ്റില്ലാത്ത നടന്‍ എന്ന് മണിയെക്കുറിച്ച് നിര്‍മാതാക്കള്‍ പറയുന്ന അവസ്ഥയുണ്ടായി. മണി നായകനായ ചിത്രങ്ങളുടെ സാറ്റലൈറ്റ് സംപ്രേക്ഷണാവകാശം വാങ്ങില്ലെന്ന ചാനലുകളുടെ കടുംപിടുത്തം മണിയുടെ ജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്.

മണിയെ കാണാന്‍ ശ്രമിച്ച പല സംവിധായകരും അദ്ദേഹത്തെ കാണാന്‍ കഴിയാതെ പിന്മാറിയതോടെയാണ് അദ്ദേഹത്തിന് സിനിമകള്‍ കുറഞ്ഞത്. ഇതെല്ലാം മണിയറിയാതിരിക്കാന്‍ വഴിയില്ല. കാരണം അഞ്ചുവര്‍ഷമാണ് ഇങ്ങനെ കടന്നു പോയത്. നായകവേഷങ്ങളില്‍ നിന്ന് ചെറുവേഷങ്ങളിലേക്കുള്ള പതനത്തെ വേദനാപൂര്‍വം സ്വീകരിക്കേണ്ടിവന്ന ഒരു ഘട്ടത്തില്‍ മാനേജര്‍മാരോട് ഒരുപക്ഷേ മണി നിര്‍ദേശിച്ചിട്ടുണ്ടായിരിക്കണം, ‘അധികള്‍ സിനിമകള്‍ വേണ്ടെന്ന്. ’

അസാമാന്യമായ വേഷപ്പകര്‍ച്ച കൈവരുത്താന്‍ കഴിയുന്ന അത്ഭുതനടനായിരുന്ന കലാഭവന്‍ മണി. മറ്റൊരു വ്യക്തിയായി പകര്‍ന്നാടാനുള്ള കഴിവ് മുന്‍‌നിര്‍ത്തിയല്ല ഇങ്ങനെ പറയുന്നത്. അത് പലര്‍ക്കുമുണ്ടല്ലോ. എന്നാല്‍, പുലി, പാമ്പ്, പൂച്ച, ഒട്ടകം, ആന തുടങ്ങി ഒരുവിധം മനുഷ്യനു പരിചയമുള്ള എല്ലാ ജീവചാലങ്ങളുടെയും ചേഷ്‌ടകള്‍ സ്വന്തം ശരീരം കൊണ്ട് ആവിഷ്‌കരിക്കാന്‍ മലയാള സിനിമയില്‍ മണിക്ക് മാത്രമെ കഴിയുമായിരുന്നുള്ളൂ.

ഇന്നിപ്പോള്‍ ചാനലുകള്‍ മണിയെ ആഘോഷിക്കുകയാണ്. മണി അഭിനയിച്ച സിനിമകള്‍ വേണ്ടെന്നു പറഞ്ഞ അതേ ചാനലുകള്‍ക്ക് മരിച്ച മണി അത്യാവശമായിരിക്കുന്നു. മണി അഭിനയിച്ച സിനിമകളും, മിമിക്രിയും, നാടന്‍പാട്ടുകളും ഉള്‍പ്പെടുത്തിയ അനുസ്മരണ പരിപാടികള്‍ക്കാണ് ഇപ്പോള്‍ ടാം റേറ്റിങ്.മണിക്കൂറുകളോളം നീളുന്ന പ്രോഗ്രാമുകള്‍ക്കിടയില്‍ ഓരോ 15 മിനിറ്റിലും അഞ്ചുമിനിറ്റോളം പരസ്യങ്ങള്‍.

എല്ലാംകൊണ്ടും വരവുമാത്രം. ചെലവില്ല, കാരണം റൈറ്റ് വാങ്ങാന്‍ മണി ജീവിച്ചിരിപ്പില്ലല്ലോ. മണി അഭിനയിച്ച സിനിമകള്‍ വിലകൊടുത്ത് വാങ്ങിച്ച് പ്രേക്ഷകരെ കാണിക്കാന്‍ ഇനിയെങ്കിലും ഈ ചാനലുകള്‍ തയ്യാറാകുമോ എന്നു ചോദിച്ചാണ് മണി പ്രധാന വേഷത്തില്‍ അഭിനയിച്ച പ്രഭുവിന്റെ മക്കള്‍ എന്ന സിനിമയുടെ സംവിധായകന്‍ ലേഖനം അവസാനിപ്പിക്കുന്നത്.

വെബ്ദുനിയ വായിക്കുക