വേളി ആക്കുളം നവീകരണപദ്ധതിയുടെ നിര്‍മാണോദ്ഘാടനം ഒക്ടോബര്‍ ആദ്യവാരം നടത്താന്‍ വൈദ്യുതിമന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ നടന്ന വിവിധ വകുപ്പ് തലവന്മാരുടെ യോഗം തീരുമാനിച്ചു. വേളി ടൂറിസം വില്ലേജിലെ ചില്‍ഡ്രന്‍സ് പാര്‍ക്ക്, മ്യൂസിക് പാര്‍ക്ക് എന്നിവയുടെ ആധുനികവല്‍ക്കരണം, ആക്കുളത്തെ രണ്ടര ഏക്കര്‍ സ്ഥലത്ത് ബിസിനസ് പാര്‍ക്ക് എന്നിവയാണ് ആരംഭിക്കുക.
അടഞ്ഞുകിടക്കുന്ന വേളി, ആക്കുളം പാര്‍ക്കുകളും അനുബന്ധ സംവിധാനങ്ങളും ഓണത്തിന് മുമ്പായി തുറന്നുനല്‍കാനും യോഗം തീരുമാനിച്ചു. ഇതിനാവശ്യമായ നടപടി സ്വീകരിക്കാന്‍ മന്ത്രി കടകംപള്ളി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. മുടങ്ങിക്കിടക്കുന്ന ബോട്ട് സര്‍വീസ് അടിയന്തരമായി പുനരാരംഭിക്കും. നീക്കംചെയ്യാന്‍ ബാക്കിയുള്ള 2,35,000 ക്യൂബിക് മീറ്റര്‍ മണ്ണ് നീക്കാനുള്ള ഡ്രഡ്ജിങ്ങും നടപ്പാതയുടെ നിര്‍മാണവും പൂര്‍ത്തിയാക്കി പാര്‍ക്കുകള്‍ ടൂറിസം പ്രൊമോഷന്‍ കൌണ്‍സിലിനെ ഏല്‍പ്പിക്കും. ഈ പ്രദേശത്ത് മാലിന്യം നിക്ഷേപിക്കുന്നത് തടയാന്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കും.
ടൂറിസം പൊലീസിന്റെ സേവനവും ലഭ്യമാക്കാന്‍ യോഗം തീരുമാനിച്ചു. ഇതോടൊപ്പം ആമയിഴഞ്ചാന്‍ തോട് ശുചീകരിക്കാനും തീരുമാനിച്ചു. നവീകരണപദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ ജില്ലാത മോണിറ്ററിങ് സമിതിയും രൂപീകരിക്കും. പൊതുഭരണ സെക്രട്ടറി ഉഷ ടൈറ്റസ്, ടൂറിസം ഡയറക്ടര്‍ യു വി ജോസ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു.