സുധാകരനെതിരെ മുതിര്‍ന്ന നേതാക്കള്‍; കോണ്‍ഗ്രസ് വന്‍ പൊട്ടിത്തെറിയിലേക്ക്, ഒത്തൊരുമിച്ച് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും

ചൊവ്വ, 14 സെപ്‌റ്റംബര്‍ 2021 (14:57 IST)
കെ.സുധാകരന്‍ ഏകപക്ഷീയമായി തീരുമാനങ്ങള്‍ എടുക്കുന്നതിനെതിരെ മുതിര്‍ന്ന നേതാക്കള്‍ രംഗത്ത്. കെപിസിസി അധ്യക്ഷനായി ചുമതലയേറ്റ ശേഷം സുധാകരന്‍ മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായത്തിനു വില കല്‍പ്പിക്കുന്നില്ലെന്നാണ് ഉയര്‍ന്നിരിക്കുന്ന ആരോപണം. മുതിര്‍ന്ന നേതാവ് കെ.പി.അനില്‍കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പാര്‍ട്ടി വിട്ടത് സുധാകരന്റെ ഫാസിസ്റ്റ് സമീപനം കാരണമാണെന്നും പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. 
 
കെ.പി.അനില്‍കുമാറിനെ പാര്‍ട്ടിയില്‍ നിര്‍ത്താന്‍ സുധാകരന്‍ ശ്രമിച്ചില്ലെന്ന് പ്രവര്‍ത്തകര്‍ക്കിടയിലും അഭിപ്രായമുണ്ട്. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നീ നേതാക്കളുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവാണ് അനില്‍കുമാര്‍. അതുകൊണ്ട് തന്നെ അനില്‍കുമാര്‍ പാര്‍ട്ടി വിടുന്ന സാഹചര്യമുണ്ടാക്കിയത് സുധാകരന്‍ ആണെന്ന് എ, ഐ ഗ്രൂപ്പുകളിലെ മറ്റ് നേതാക്കളും ആരോപിക്കുന്നു. സുധാകരന്റെ ഏകാധിപത്യ പ്രവണത പാര്‍ട്ടിയുടെ നിലനില്‍പ്പിന് ദോഷം ചെയ്യുമെന്നാണ് കോണ്‍ഗ്രസിനുള്ളില്‍ തന്നെ ഉയര്‍ന്നിരിക്കുന്ന വികാരം. 
 
സുധാകരന്റെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തിയുള്ള ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നീ നേതാക്കള്‍ കോണ്‍ഗ്രസിന്റെ ആഭ്യന്തര വിഷയങ്ങളില്‍ ഇടപെടാതെ മാറിനില്‍ക്കുകയാണ്. പാര്‍ട്ടി പ്രവര്‍ത്തനങ്ങളിലും ഇവര്‍ സജീവമല്ല. സുധാകരനെതിരെ എ, ഐ ഗ്രൂപ്പ് നേതാക്കള്‍ ഹൈക്കമാന്‍ഡില്‍ പരാതി അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍