കെ എസ്‌ ആര്‍ ടി സി ജീവനക്കാര്‍ പണിമുടക്കിലേക്ക്‌

ശനി, 11 ഒക്‌ടോബര്‍ 2014 (17:22 IST)
നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ച്‌ കെ.എസ്‌.ആര്‍.ടി.സി ജീവനക്കാര്‍ 24 മണിക്കൂര്‍ സമരം നടത്താന്‍ തീരുമാനിച്ചു. ഒക്ടോബര്‍ പതിനേഴ്‌ അര്‍ദ്ധ രാത്രി മുതല്‍ പതിനെട്ട്‌ അര്‍ദ്ധ രാത്രിവരെയുള്ള ഇരുപത്തി നാലു മണിക്കൂറ്‍ സമരത്തിന്‌ സി.ഐ.റ്റി.യു നേതൃത്വത്തിലുള്ള കെ.എസ്‌.ആര്‍.ടി.എംപ്ളോയീസ്‌ അസോസിയേഷനാണു ആഹ്വാനം ചെയ്തിരിക്കുന്നത്‌.

തൊഴിലാളികള്‍ പ്രകടനമായി എത്തിയാണ്‌ പണിമുടക്ക്‌ നോട്ടീസ്‌ നല്‍കിയിരിക്കുന്നത്‌. ജൂണ്‍, ഓഗസ്റ്റ്‌ മാസങ്ങളില്‍ ഗതാഗത വകുപ്പ്‌ മന്ത്രി ജീവനക്കാരുമായി അനുരഞ്ജന ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയിലെ ഒത്തുതീര്‍പ്പ്‌ വ്യവസ്ഥകള്‍ പൂര്‍ണ്ണമായി പാലിക്കണമെന്നതാണ്‌ സമരക്കാരുടെ പ്രധാന ആവശ്യം.

ഈ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ ഒക്ടോബര്‍ ഏഴു മുതല്‍ ട്രാന്‍സ്പോര്‍ട്ട്‌ ഭവനു മുന്നില്‍ തൊഴിലാളികള്‍ അനിശ്ചിതകാല റിലേ സത്യാഗ്രഹം ആരംഭിച്ചു കഴിഞ്ഞു. സ്ഥലമാറ്റത്തിലെ അഴിമതി അവസാനിപ്പിക്കുക, സമരത്തില്‍ പങ്കെടുത്തതിനു പിരിച്ചുവിട്ട എം പാനല്‍ ജീവനക്കാരെ തിരിച്ചെടുക്കുക, പെന്‍ഷനും ശമ്പളവും യഥാസമയം വിതരണം ചെയ്യുക എന്നിവയും സമരക്കാരുടെ പ്രധാന ആവശ്യങ്ങളാണ്‌.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്   ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക