'മുരളീധരന്‍ ശ്രമിക്കുന്നത് രാഹുലിനെ തോല്‍പ്പിക്കാനോ?' സരിനെ പുകഴ്ത്തി സംസാരിച്ചതില്‍ കോണ്‍ഗ്രസില്‍ അതൃപ്തി

രേണുക വേണു

ചൊവ്വ, 12 നവം‌ബര്‍ 2024 (09:19 IST)
K Muraleedharan and Rahul Mamkootathil

പാലക്കാട് എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.സരിന്‍ മിടുക്കനാണെന്ന് കെ.മുരളീധരന്‍ പറഞ്ഞത് ശരിയായില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം. യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിനോടു മുരളീധരനു താല്‍പര്യക്കുറവുണ്ടെന്ന് എല്ലാവര്‍ക്കും അറിയാം. ഈ സാഹചര്യത്തില്‍ സരിനെ പുകഴ്ത്തി സംസാരിക്കുക കൂടി ചെയ്തത് ഉപതിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഉള്‍പ്പെടെയുള്ളവരുടെ ഭയം. സരിനെ അനുകൂലിച്ചുള്ള പ്രസ്താവന മുരളീധരന്‍ ഒഴിവാക്കേണ്ടതായിരുന്നെന്ന് ഷാഫി പറമ്പില്‍ അടക്കമുള്ള നേതാക്കള്‍ക്കും അഭിപ്രായമുണ്ട്. 
 
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു മുരളീധരന്‍ എത്തിയെങ്കിലും പാലക്കാട് സ്ഥാനാര്‍ഥി നിര്‍ണയത്തിലുള്ള അതൃപ്തി ഇപ്പോഴും ഉണ്ട്. തിരഞ്ഞെടുപ്പിനു ശേഷം ചില കാര്യങ്ങള്‍ പറയാനുണ്ടെന്ന നിലപാടിലാണ് മുരളീധരന്‍. ഈ സാഹചര്യത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ പുകഴ്ത്തുക കൂടി ചെയ്തത് എന്ത് ഉദ്ദേശത്തോടെയാണെന്നാണ് കോണ്‍ഗ്രസിനുള്ളിലെ ചോദ്യം. രാഹുല്‍ മാങ്കൂട്ടത്തിലിനോടു വിയോജിപ്പുള്ള ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും പാലക്കാട് ഉണ്ട്. അതില്‍ തന്നെ കെ.മുരളീധരനെ പിന്തുണയ്ക്കുന്നവരാണ് കൂടുതല്‍. ഇപ്പോഴത്തെ മുരളീധരന്റെ പരാമര്‍ശം കോണ്‍ഗ്രസ് വോട്ടുകള്‍ തന്നെ രാഹുലിന് ലഭിക്കാതിരിക്കാന്‍ കാരണമായേക്കാമെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ ആശങ്ക. 
 
സരിന്‍ മിടുക്കനെന്നാണ് മുരളീധരന്‍ ഇന്നലെ പറഞ്ഞത്. ' സരിന്‍ മിടുക്കനായതുകൊണ്ടാണ് യുഡിഎഫ് അദ്ദേഹത്തെ ഒറ്റപ്പാലത്ത് മത്സരിപ്പിച്ചത്. യുഡിഎഫില്‍ ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹത്തെ വീണ്ടും ഒറ്റപ്പാലത്ത് മത്സരിപ്പിക്കുമായിരുന്നു. സരിന്‍ പാര്‍ട്ടി വിട്ടു പോയി. ഇനി സരിന്റെ കാര്യം യുഡിഎഫില്‍ ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ല. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് - യുഡിഎഫ് മത്സരമാണ് നടക്കുന്നതെന്ന മുന്‍ നിലപാടില്‍ മാറ്റമില്ല,' മുരളീധരന്‍ പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍