വിജിലന്‍സ് തത്തയ്ക്ക് ഞരമ്പുരോഗം; തത്ത ഇപ്പോള്‍ ഐ എ എസുകാര്‍ക്ക് എതിരെ തിരിഞ്ഞിരിക്കുകയാണെന്നും മുരളീധരന്‍

ചൊവ്വ, 24 ജനുവരി 2017 (15:28 IST)
വിജിലന്‍സ് ഡയറക്‌ടര്‍ ജേക്കബ് തോമസിനെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എം എല്‍ എ. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ നിലപാടുകള്‍ക്ക് എതിരെ കണ്ണൂരില്‍ യു ഡി എഫ് നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
വിജിലന്‍സിന് ഞരമ്പുരോഗമാണ്. ഞരമ്പുരോഗത്തിന്റെ പ്രധാനലക്ഷണം ആളുകളെ ദ്രോഹിക്കുന്നതാണ്. ഉമ്മന്‍ ചാണ്ടി, കെ ബാബു, കെ സി ജോസഫ് തുടങ്ങിയവരെയൊക്കെ തത്ത ദ്രോഹിച്ചതിന് കണക്കില്ല. ബാര്‍കോഴ കേസുകളുടെ ത്വരിതപരിശോധന റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ ഇല്ലെന്നും രാഷ്‌ട്രീയക്കാരെ കിട്ടില്ലെന്ന് മനസ്സിലാക്കി ഐ എ എസുകാര്‍ക്കെതിരെ തത്ത തിരിഞ്ഞിരിക്കുകയാണെന്നും മുരളീധരന്‍ പറഞ്ഞു.
 
ഇടതുമന്ത്രിമാരുടെ ഇപ്പോഴത്തെ ജോലി യു ഡി എഫ് പൂര്‍ത്തിയാക്കിയ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുക മാത്രമാണ്. കേന്ദ്രത്തില്‍ ഗാന്ധിജിയെ മാറ്റി പകരം മോഡി ഇരിക്കുമ്പോള്‍ ഇവിടെ ഗാന്ധിജിയെ മാറ്റി ഇ എം എസിനെയാണ് പിണറായി തല്‍സ്ഥാനത്ത് വെക്കുന്നത്. കുറച്ചുകാലം കൂടി കഴിഞ്ഞാല്‍ ഇ എം എസിനെ മാറ്റി പിണറായി അവിടെ കയറിയിരിക്കുമെന്നും മുരളീധരന്‍ പറഞ്ഞു.
 
മോദി – പിണറായി കൂടിക്കാഴ്ചക്ക് ലോക്നാഥ് ബെഹ്റയെ ഡി ജി പിയാക്കാന്‍ തീരുമാനിച്ചതു ശേഷമാണ്.കോണ്‍ഗ്രസിനോടു മാത്രമേ മോദിക്കു വിരോധമുള്ളു. കേന്ദ്രസര്‍ക്കാര്‍ നോട്ട് നിരോധിച്ചുവെങ്കില്‍, മറ്റൊരു സര്‍ക്കാര്‍ റേഷന്‍ നിരോധിച്ചു. ഒരാള്‍ കുര്‍ത്തയണിയുന്നു, മറ്റൊരാള്‍ മുണ്ടുടുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക