തെരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തിലേക്ക് ഇനിയില്ലെന്ന് വൈദ്യുതിമന്ത്രി കൂടിയായ ആര്യാടന്‍ മുഹമ്മദ് കഴിഞ്ഞദിവസം ആയിരുന്നു വ്യക്തമാക്കിയത്. എന്നാല്‍, തന്റെ പിന്‍ഗാമി ആരായിരിക്കും എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം അദ്ദേഹം നല്കിയിരുന്നില്ല.
അതേസമയം, മിക്ക എം എല്‍ എമാരും സ്ഥാനാര്‍ത്ഥിത്വം ഉറപ്പാക്കാനും സുരക്ഷിതമായ മണ്ഡലത്തില്‍ മത്സരിക്കാനുമുള്ള തത്രപ്പാടിലാണ്. എന്നാല്‍, മത്സരരംഗത്തേക്ക് പുതുതായി എത്താന്‍ സാധ്യതയുള്ളവരും നിലവില്‍ പാര്‍ലമെന്ററി സ്ഥാനങ്ങളൊന്നും കൈവശം ഇല്ലാത്തവരുമായ നേതാക്കളും സ്ഥിരം മത്സരിച്ച് ജയിച്ച് പോകുന്നവര്‍ക്കെതിരെ രംഗത്തെത്തുന്നത് തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ പതിവാണ്. ഇതിനൊരു മറുപടിയുമായാണ് എക്സൈസ് മന്ത്രിയും തൃപ്പുണ്ണിത്തുറ മണ്ഡലം എം എല്‍ എയുമായ കെ ബാബു രംഗത്തെത്തിയിരിക്കുന്നത്.
പല പ്രാവശ്യം തെരഞ്ഞെടുപ്പില്‍ ജയിച്ചവര്‍ തെരഞ്ഞെടുപ്പില്‍ നിന്ന് മാറി നില്‍ക്കണമെന്ന് പറയുന്നത് പല പ്രാവശ്യം തെരഞ്ഞെടുപ്പില്‍ തോറ്റവരാണെന്നാണ് ബാബുവിന്റെ അഭിപ്രായം. പല തവണ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ചത് ഒരു അപരാധമായി കാണരുതെന്നും ഈ നിലപാട് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. മീഡിയവണ്‍ ചാനലിനോട് ആണ് മന്ത്രി ഇങ്ങനെ പ്രതികരിച്ചത്.
1991-ൽ തൃപ്പൂണിത്തുറ മണ്ഡലത്തിൽ എം എം ലോറൻസ് എന്ന പ്രമുഖ സി പി ഐ(എം) നേതാവിനെ പരാജയപ്പെടുത്തിയായിരുന്നു കെ ബാബുവിന്റെ നിയമസഭയിലേക്കുള്ള തുടക്കം. പിന്നീട്, നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും ഇതേ മണ്ഡലത്തില്‍ നിന്നു ബാബു ജയിച്ചു. 2011ല്‍ അഞ്ചാം പ്രാവശ്യവും നിയമസഭയില്‍ എത്തിയ ബാബു 2011 മേയ് 23ന് ആദ്യമായി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.