ഇടിമുറി യൂണിവേഴ്‍സിറ്റി കോളേജില്‍ മാത്രമല്ലെന്ന് ജസ്റ്റിസ് ഷംസുദീൻ കമ്മീഷൻ - റിപ്പോര്‍ട്ട് ഗവര്‍ണര്‍ക്ക് കൈമാറും
തിങ്കള്‍, 2 സെപ്‌റ്റംബര്‍ 2019 (11:24 IST)
യൂണിവേഴ്‌സിറ്റി കോളേജിനു പുറമേ മറ്റു പല കോളേജുകളിലും യൂണിയന്‍ ഓഫീസുകള്‍ ഇടിമുറികളായി പ്രവര്‍ത്തിക്കുന്നുവെന്ന് ജസ്‌റ്റീസ് പികെ ഷംസുദ്ദീന്‍ അധ്യക്ഷനായ സ്വതന്ത്ര കമ്മീഷന്റെ റിപ്പോര്‍ട്ട്.
കമ്മീഷന്‍ ഇന്ന് റിപ്പോര്‍ട്ട് ഗവര്‍ണര്‍ക്ക് കൈമാറും.
ആർട്സ് കോളേജിലും മടപ്പള്ളി കോളേജിലും ഇടിമുറികൾ ഉള്ളതായി വിദ്യാർത്ഥികൾ പരാതിപെട്ടുണ്ട്. അസംഘടിതരായ വിദ്യാര്‍ഥികളുടെ പരാതികള്‍ക്ക് വില നല്‍കുന്നില്ല. ഉന്നത രാഷ്ട്രീയനേതൃത്വത്തിന്റെ പിന്തുണയോടെയാണ് കലാലയങ്ങള്‍ കലാപ സ്ഥലങ്ങളാകുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പല കോളേജുകളിലും വിദ്യാര്‍ഥികള്‍ക്ക് പരാതി നല്‍കാന്‍ പോലും കഴിയാത്ത സാഹചര്യമുണ്ട്. യൂണിയന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോലും അനുവദിക്കാത്ത സാഹചര്യമുണ്ട്. സർക്കാരുകൾ ഒന്നും തന്നെ ഇത്തരം അക്രമങ്ങൾ തടയാനുള്ള യാതൊരു നടപടികളും സ്വീകരിക്കുന്നില്ലെന്നും കമ്മീഷന്‍ ചൂണ്ടിക്കാണിക്കുന്നു.
കാമ്പസിലെ രാഷ്ട്രീയം അതിരുകടക്കുന്ന രീതിയിലേക്ക് മാറുന്നു. റാഗിംങ് വിരുദ്ധ നിയമം ഉൾപ്പടെയുള്ളവ ഉപയോഗിച്ചുകൊണ്ട് ഇത്തരം ആക്രമങ്ങളെ തടയാം. പക്ഷേ പലപ്പോഴും കോളേജ് പ്രിൻസിപ്പൽമാരും അധ്യാപകരും രാഷ്ട്രീയ പാർട്ടികൾക്ക് ഒപ്പം നിൽക്കുന്ന നിലപാടാണുള്ളത്. ഇത് കർശനമായി തടയണമെന്നുള്ള നിർദ്ദേശവും കമ്മീഷൻ മുന്നോട്ട് വയ്ക്കുന്നുണ്ട്.