ജിഷ്ണുവിന്റെ അമ്മയെ തല്ലിയതിന് ന്യായീകരണമായി; പൊലീസ് അതിക്രമത്തിന് തെളിവില്ലെന്ന് ഐജിയുടെ റിപ്പോർട്ട്

വ്യാഴം, 6 ഏപ്രില്‍ 2017 (12:39 IST)
ജിഷ്ണുവിന്റെ അമ്മയ്ക്കും ബന്ധുക്കള്‍ക്കും നേരെയുണ്ടായ പൊലീസ് നടപടികളെ ന്യായീകരിച്ച് ഐജി മനോജ് എബ്രഹാമിന്റെ റിപ്പോർട്ട്. പൊലീസ് അതിക്രമം നടത്തിയെന്നതിന് തെളിവില്ലാത്ത സാഹചര്യത്തിൽ ഉദ്യോഗസ്ഥർക്കെതിരെ ഒരു നടപടിയും വേണ്ടെന്നാണ് ഐജി, ഡിജിപിക്കു നൽകിയ റിപ്പോർട്ടിൽ പറയുന്നത്. 
 
പൊലീസ് ആസ്ഥാനത്തിനു സമീപം സുരക്ഷാ വീഴ്ച ഉണ്ടാകാതിരിക്കാനാണ് പൊലീസ് ബലം പ്രയോഗിച്ച് അവരെ അവിടുന്ന് നീക്കിയത്. എന്നാൽ ആ വിഷയം പൊലീസ് കൈകാര്യം ചെയ്ത രീതിയിൽ തെറ്റുപറ്റിയിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നുണ്ട്.
 
അതേസമയം, ഐജിയുടെ റിപ്പോർട്ട് സ്വീകാര്യമല്ലെന്ന് ജിഷ്ണുവിന്റെ കുടുംബം പറഞ്ഞു. അവിശ്വസനീയമായ റിപ്പോര്‍ട്ടാണ് ഇതെന്നും ജിഷ്ണുവിന്റെ അമ്മാവൻ ശ്രീജിത്ത് പറഞ്ഞു. ടെലിവിഷൻ ചാനലുകൾ മുന്നിൽ വരാത്ത ചില സംഭവങ്ങളും ഉണ്ടായി. ഇക്കാര്യങ്ങളെല്ലാം ഡിജിപിയോട് നേരിട്ട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 
 
പ്രതിഷേധത്തിനിടെ ചില പൊലീസുകാർ തന്നെയും തന്റെ സഹോദരിയും ജിഷ്ണുവിന്റെ അമ്മയുമായ മഹിജയേയും ബൂട്ടിട്ട് ചവിട്ടിയെന്നും ശ്രീജിത്ത് കൂട്ടിച്ചേര്‍ത്തു. 

വെബ്ദുനിയ വായിക്കുക