ജൂലൈ രണ്ട്: ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍

Webdunia
വെള്ളി, 2 ജൂലൈ 2021 (15:12 IST)
ഗാര്‍ഹിക പീഡനക്കേസുകള്‍ക്ക് മുന്‍ഗണനയെന്ന് ഡിജിപി 
 
കേരളത്തില്‍ ഗാര്‍ഹികപീഡനക്കേസുകള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത്. കെട്ടിക്കിടക്കുന്ന കേസുകളില്‍ വേഗത്തില്‍ കുറ്റപത്രം നല്‍കും. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുമെന്നും ഡിജിപി പറഞ്ഞു. സ്ത്രീ സുരക്ഷയ്ക്ക് പ്രത്യേക പരിഗണന നല്‍കുമെന്ന് ഡിജിപി നേരത്തെ പറഞ്ഞിരുന്നു. 
 
കോവിഡ് മരണക്കണക്ക് മനഃപൂര്‍വം മറയ്ക്കുന്നില്ലെന്ന് സര്‍ക്കാര്‍ 
 
കോവിഡ് മരണകണക്ക് സര്‍ക്കാര്‍ മനഃപൂര്‍വം മറയ്ക്കുന്നില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. മരണകണക്കില്‍ അപാകതയുണ്ടെങ്കില്‍ പരിഹരിക്കും. നിലവിലുള്ള കേന്ദ്ര മാനദണ്ഡമാണ് കോവിഡ് മരണം സ്ഥിരീകരിക്കാന്‍ സംസ്ഥാനം പാലിക്കുന്നത്. ആര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍ ഇടപെടും. ജനങ്ങള്‍ക്കൊപ്പമാണ് സര്‍ക്കാര്‍ നില്‍ക്കുന്നത്. പരാതികള്‍ ഇമെയില്‍ അയച്ചാല്‍ പോലും പരിശോധിക്കും. ഓഫിസ് കയറിയിറങ്ങേണ്ട. മാനദണ്ഡം മാറ്റുന്നകാര്യം മന്ത്രിയെന്ന നിലയ്ക്ക് ഒറ്റയടിക്ക് പറയാനാവില്ലെന്നും വീണ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. 
 
കോവിഡ് മരണകണക്ക് ആരോപണങ്ങളില്‍ ഉറച്ച് പ്രതിപക്ഷം 
 
കേരളം കോവിഡ് മരണങ്ങളില്‍ ഐസിഎംആര്‍, ഡബ്‌ള്യുഎച്ച്ഒ എന്നിവരുടെ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. മരണകാരണം തീരുമാനിച്ചത് തിരുവനന്തപുരത്തെ വിദഗ്ധസമിതിയാണ്. ചികില്‍സിച്ച ഡോക്ടറല്ല. ഗൂഢാലോചന പുറത്തുവരുമെന്ന ഭയമാണ് ആരോഗ്യമന്ത്രിക്കുള്ളതെന്നും സതീശന്‍ പറഞ്ഞു. 
 
അയിഷ സുല്‍ത്താനയ്‌ക്കെതിരായ രാജ്യദ്രോഹക്കേസ് അന്വേഷണത്തിനു സ്റ്റേ ഇല്ല 
 
അയിഷ സുല്‍ത്താനയ്‌ക്കെതിരായ രാജ്യദ്രോഹക്കേസ് അന്വേഷണത്തിന് സ്റ്റേ ഇല്ല. അന്വേഷണത്തിന് കൂടുതല്‍ സമയം നല്‍കണമന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി പറഞ്ഞു. മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവില്‍ അയിഷയ്‌ക്കെതിരെ രാജ്യദ്രോഹക്കേസ് പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
 
ആശങ്കയായി കേരളത്തിലെ കോവിഡ് രോഗികളുടെ എണ്ണം
 
കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം കുറയാത്തത് വലിയ വെല്ലുവിളിയാകുന്നു. ഇന്ത്യയില്‍ ക്രമാതീതമായി കോവിഡ് രോഗികളുടെ എണ്ണം കുറയുമ്പോഴാണ് കേരളത്തിലെ കണക്കുകള്‍ ആശങ്കപ്പെടുത്തുന്നത്. ഏറ്റവും പുതിയ കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 46,617 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 853 മരണങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. രാജ്യത്ത് ദിനംപ്രതിയുള്ള കോവിഡ് രോഗികളുടെ എണ്ണമെടുത്താല്‍ അതില്‍ വലിയൊരു ശതമാനവും കേരളത്തില്‍ നിന്നാണ്. കേരളത്തില്‍ ഇന്നലെ 12,868 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.3 ശതമാനമാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഒന്‍പതിനും 12 നും ഇടയില്‍ തുടരാന്‍ തുടങ്ങിയിട്ട് കുറേ ദിവസങ്ങളായി. തുടര്‍ച്ചയായി എട്ട് ശതമാനത്തില്‍ താഴെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പിടിച്ചുനിര്‍ത്താനാണ് ആരോഗ്യവകുപ്പ് പരിശ്രമിക്കുന്നത്. 
 
കേരളത്തില്‍ നിന്ന് എത്തുന്നവര്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കര്‍ണാടക 
 
കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന കേരളത്തില്‍ നിന്നു വരുന്നവര്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കര്‍ണാടക. കേരളത്തില്‍ നിന്നുള്ളവര്‍ക്ക് 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് രേഖ നിര്‍ബന്ധം. കോവിഡ് നെഗറ്റീവ് ആയവരെ മാത്രമേ കര്‍ണാടകയിലേക്ക് പ്രവേശിപ്പിക്കൂ. കാസര്‍ഗോഡ്, വയനാട് അതിര്‍ത്തികളിലെ ചെക്പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കാനും ചീഫ് സെക്രട്ടറി ഉത്തരവിട്ടു. രണ്ട് ഡോസ് വാക്സിനും എടുത്തവര്‍ക്കും അടിയന്തര ആവശ്യങ്ങള്‍ക്ക് യാത്ര ചെയ്യുന്നവര്‍ക്കും ഇളവുണ്ട്. യാത്രക്കാര്‍ക്ക് മതിയായ രേഖയുണ്ടെന്ന് വിമാന, ട്രെയിന്‍, ബസ് ജീവനക്കാര്‍ ഉറപ്പുവരുത്തണമെന്നും കര്‍ണാടക ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു.

സ്വര്‍ണ വില കൂടി 

സ്വര്‍ണം വീണ്ടും തിളങ്ങുന്നു. സംസ്ഥാനത്ത് സ്വര്‍ണ വില കൂടി. പവന് 160 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 36,360 രൂപയായി. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 4,420 രൂപയായിട്ടുണ്ട്. മെയ്മാസത്തില്‍ സ്വര്‍ണത്തിന് ഏകദേശം 2000 രൂപ കുറഞ്ഞതിനു ശേഷം ജൂണിലാണ് സ്വര്‍ണം തിളങ്ങി തുടങ്ങുന്നത്. ഡോളര്‍ ശക്തിയാര്‍ജിക്കുന്നത് സ്വര്‍ണവിലയെ തളര്‍ത്തുകയാണ് ചെയ്യുന്നത്. 

മലയാളി ഗവേഷക വിദ്യാര്‍ഥിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

മദ്രാസ് ഐഐടി കാമ്പസില്‍ മലയാളി ഗവേഷക വിദ്യാര്‍ഥിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍. 22കാരനായ ഉണ്ണികൃഷ്ണന്‍ നായരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇലക്ട്രിക് വിഭാഗത്തിലെ ഗവേഷക വിദ്യാര്‍ത്ഥിയാണ് ഇദ്ദേഹം. ഇന്നലെ രാത്രി എട്ടുമണിയോടെ ക്യാമ്പസിനുള്ളിലെ ഹോക്കി ഗ്രൗണ്ടിനു സമീപത്തെ കുറ്റിക്കാട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article