ഗൗരിയമ്മയുടെ തിരിച്ചുവരവ് പാര്‍ട്ടി വിട്ട് പോയവര്‍ക്ക് മടങ്ങി വരാന്‍ പ്രചോദനമാകും: തോമസ് ഐസക്
ശനി, 18 ജൂലൈ 2015 (11:39 IST)
ഇടതുപാളയത്തിലേക്കുള്ള ജെഎസ്എസ് നെതാവ് കെ ആര്‍ ഗൗരിയമ്മയുടെ തിരിച്ചുവരവ് പാര്‍ട്ടി വിട്ട് പോയവര്‍ക്ക് മടങ്ങി വരാന്‍ പ്രചോദനമാകുമെന്ന് തോമസ് ഐസക്. ഇടത്പക്ഷം നേരിടുന്നത് അസാധാരണമായ രാഷ്ട്രീയ സാഹചര്യമാണ്. ഗൗരിയമ്മയുടെ തിരിച്ചുവരവ് അസാധാരണമായ നടപടികളിലേക്ക് പാര്‍ട്ടിയെ നയിക്കും. പാര്‍ട്ടിയില്‍ നിര്‍ജീവമായി നില്‍ക്കുന്നവര്‍ക്കും ഇത് പ്രചേദനമാകുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഗൌരിയമ്മയുടെ തീരുമാനത്തിന് എതിരെ ജെഎസ്എസ് പാളയത്തില്‍ പടയൊരുക്കം തുടങ്ങി. ജെ എസ് എസിനെ ഔദ്യോഗികമായി അറിയിക്കാതെയാണ് ഗൌരിയമ്മയുടെ തീരുമാനമെന്ന് ജെഎസ്എസിലെ ഒരു വിഭാഗം ആരോപിച്ചു. സി പി എമ്മില്‍ ലയിക്കാനുള്ള ജെ എസ് എസ് തീരുമാനം ഗൌരിയമ്മയുടേത് മാത്രമാണെന്നാണ് ഇവര്‍ ആരോപിക്കുന്നത്. ജെ എസ് എസ് സംസ്ഥാന പ്രസിഡന്റ് ആയ താന്‍ പോലും അറിയാതെയാണ് ഗൌരിയമ്മ കോടിയേരിയുമായി കൂടിക്കാഴ്ച നടത്തിയതെന്നും ലയനതീരുമാനം പ്രഖ്യാപിച്ചതെന്നും സംസ്ഥാന പ്രസിഡന്റ് അഡ്വ പ്രദീപ് പറഞ്ഞു.
എന്നാല്‍ ലയനം സംബന്ധിച്ച കാര്യത്തില്‍ ഇനി ചര്‍ച്ചയില്ലെന്നാണ് ഗൌരിയമ്മയുടെ നിലപാട്. ഇതിനിടെ, സി പി എമ്മില്‍ സ്ഥാനം ലഭിക്കേണ്ട ജെ എസ് എസ് നേതാക്കളുടെ പട്ടിക ഗൌരിയമ്മ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന് നല്കിയിട്ടുണ്ട്. ജെ എസ് എസിന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വസ്തുവകകളെക്കുറിച്ചും ഗൌരിയമ്മ കോടിയേരിക്ക് റിപ്പോര്‍ട്ട് നല്കിയിട്ടുണ്ടെന്നാണ് സൂചനകള്‍.
വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി ഗൌരിയമ്മയുടെ ആലപ്പുഴയിലെ വീട്ടിലെത്തി അവരെ സന്ദര്‍ശിച്ചത്. തുടര്‍ന്ന് ഓഗസ്റ്റ് 19ന് സി പി എം - ജെ എസ് എസ് ലയനസമ്മേളനം നടക്കുമെന്ന് മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു.