ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: പ്രതി പിടിയില്‍

വ്യാഴം, 7 ജനുവരി 2016 (14:41 IST)
ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കേസുമായി ബന്ധപ്പെട്ട് കര്‍ണ്ണാടക സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. കര്‍ണ്ണാടക ഹസ്സന്‍ ജില്ല സ്വദേശി കപില്‍ ശര്‍മ്മ എന്ന രാധാകൃഷ്ണന്‍ (30) ആണ് പൊലീസ് വലയിലായത്.
 
തലസ്ഥാന നഗരിയിലെ മഞ്ചാടിമൂട്ടിലെ ഒരു ഫ്ലാറ്റ് കേന്ദ്രീകരിച്ചായിരുന്നു ഇയാള്‍ തട്ടിപ്പ് നടത്തിയത്. കര്‍ണ്ണാടകയില്‍ നിന്നുള്ള മുന്‍ പ്രധാനമന്ത്രിയുടെ ബന്ധു എന്ന പേരിലായിരുന്നു തട്ടിപ്പ്. 
 
റയില്‍വേ, എയര്‍ പോര്‍ട്ട്, വിദേശ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ ആകര്‍ഷകമായ ശമ്പളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിനു രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്. പത്തനാപുരം സ്വദേശി മെബിന്‍ ഈപ്പന്‍ എന്നയാളുടെ പരാതിയെ തുടര്‍ന്നായിരുന്നു പൊലീസ് അന്വേഷണം നടത്തി ഇയാളെ പിടിച്ചത്.
 
സിറ്റി പൊലീസ് കമ്മീഷണറുടെ നിര്‍ദ്ദേശ പ്രകാരം പേരൂര്‍ക്കട സി.ഐ സുരേഷ് ബാബു, വട്ടിയൂര്‍ക്കാവ് എസ്.ഐ. അനൂപ് ചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ പിടിച്ചത്. 

വെബ്ദുനിയ വായിക്കുക