ജിഷ്ണുവിന്റെ മരണം: പരീക്ഷ മാറ്റിവെക്കാന്‍ വിദ്യാര്‍ത്ഥികളെ സംഘടിപ്പിച്ചതാണ് മാനേജ്‌മെന്റിന്റെ പ്രകോപനത്തിന് കാരണമായതെന്ന് പൊലീസ്

തിങ്കള്‍, 3 ഏപ്രില്‍ 2017 (09:59 IST)
ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് നെഹ്‌റു കോളേജിനെതിരെ നിര്‍ണായക തെളിവായേക്കാവുന്ന വിവരങ്ങള്‍ പുറത്ത്. കോളേജിലെ വിദ്യാര്‍ത്ഥികളെ സംഘടിപ്പിക്കാനായി ജിഷ്ണു പ്രണോയ് ശ്രമിച്ചിരുന്നതായി വ്യക്തമാകുന്ന വാട്‌സാപ്പ് സന്ദേശങ്ങളും ശബ്ദരേഖയും പൊലീസിന് ലഭിച്ചതായാണ് വിവരം. ജിഷ്ണുവിന്റെ മൊബൈല്‍ ഫോണില്‍നിന്നാണ് പൊലീസ് ഇതെല്ലാം വീണ്ടെടുത്തത്. തങ്ങള്‍ക്കെതിരായി വിദ്യാര്‍ത്ഥികളെ സംഘടിപ്പിക്കാന്‍ ശ്രമിച്ചതാണ് മാനെജ്‌മെന്റ് ജിഷ്ണുവിനെതിരെ തിരിയാന്‍ കാരണമെന്ന നിഗമനത്തിലാണ് ഇപ്പോള്‍ അന്വേഷണ സംഘം. 
 
കോളേജിലെ പരീക്ഷ മാറ്റിവെക്കുന്നതിനായി എല്ലാവരും സംഘടിക്കണമെന്ന് ആവശ്യപ്പെട്ടുളള ജിഷ്ണുവിന്റെ സന്ദേശങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്. തങ്ങള്‍ക്ക് പഠിക്കാന്‍ ആവശ്യത്തിന് സമയം ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ജിഷ്ണു വിദ്യാഭ്യാസമന്ത്രിക്ക് കത്തയച്ചിരുന്നു. അതോടോപ്പം സാങ്കേതിക സര്‍വകലാശാലയ്ക്ക് നിരന്തരം പരാതികള്‍ അയക്കാനും വിദ്യാര്‍ത്ഥികളോട് ജിഷ്ണു വാട്‌സാപ്പ് സന്ദേശങ്ങളിലൂടെ ആവശ്യപ്പെട്ടിരുന്നു. വിദ്യാര്‍ത്ഥി സംഘടനാ നേതാക്കള്‍ക്കും ജിഷ്ണു പ്രണോയ് വാട്‌സാപ്പില്‍ പരാതികള്‍ അയച്ചിരുന്നതായും പൊലീസ് കണ്ടെത്തി. ഇതും മാനെജ്‌മെന്റിനെ പ്രകോപിപ്പിച്ചിരിക്കാമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. 

വെബ്ദുനിയ വായിക്കുക