ജിഷ കൊലക്കേസ്: നാട്ടുകാരുടെ ഫോൺകോളുകൾ പരിശോധിക്കും, സംഭവ നടന്ന ദിവസം ജിഷ കഴിച്ചത് ഹോട്ടൽ ഭക്ഷണമെന്ന് പൊലീസ്

ബുധന്‍, 25 മെയ് 2016 (11:14 IST)
ജിഷ കൊല്ലപ്പെട്ടിട്ട് 27 ദിവസം പിന്നിട്ടിട്ടും കൊലയാളിയെക്കുറിച്ച് വ്യക്തമായ സൂചനയൊന്നും ലഭിക്കാതെ പൊലീസ്. അന്വേഷണത്തിന്റെ ഭാഗമായി നാട്ടുകാരുടെ ഫോൺകോളുകൾ വിശദമായി പരിശോധിക്കും. സംഭവം നടന്ന ദിവസം ഉച്ചയ്ക്ക് 12നും രാത്രി 8നുമിടയിലുള്ള കോളുകളാണ് പൊലീസ് പരിശോധിക്കുന്നത്.
 
ജിഷയുടെ വീടിന് അഞ്ചു കിലോമീറ്ററിനുള്ളിൽ സ്ഥിതി ചെയ്യുന്ന ടവറിനെ കേന്ദ്രീകരിച്ചാണ് പൊലീസ് ഇപ്പോൾ അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്. അതേസമയം, സംഭവദിവസം ജിഷ കഴിച്ചിരുന്നത് ഹോട്ടൽ ഭക്ഷണമെന്ന് പൊലീസ് അറിയിച്ചു. ഇതിന് രണ്ട് സാധ്യതകളാണുള്ളത്. ഒന്ന്, ജിഷ വാങ്ങി കൊണ്ടു വന്നത്, അല്ലെങ്കിൽ കൊലയാളി കൊണ്ടു വന്നത്. കൊലയാളി കൊണ്ട് വന്നതാണെങ്കിൽ അതിന് മുൻപ് ഫോൺ വഴി ബന്ധപ്പെട്ടിട്ടുണ്ടാകാമെന്നും പൊലീസ് കരുതുന്നു.
 
അതേസമയം, അന്വേഷണം ഉയര്‍ന്ന ഐ പി എസ് ഉദ്യോഗസ്ഥര്‍ക്ക് നല്കിയേക്കുമെന്നും സൂചനയുണ്ട്. നിലവില്‍ എ ഡി ജി പി കെ പത്മകുമാറിനാണ് അന്വേഷണച്ചുമതല. എന്നാല്‍, അന്വേഷണസംഘം മാറുന്നതോടെ എ ഡി ജി പിമാരായ ശ്രീലേഖയോ ബി സന്ധ്യയോ തലപ്പത്ത് എത്തുമെന്നാണ് സൂചന.

വെബ്ദുനിയ വായിക്കുക