നിയമവിദ്യാര്‍ത്ഥിനി ജിഷ കൊല്ലപ്പെട്ട കേസ് അന്വേഷിക്കുന്നതിന്റെ ഭാഗമായി എ ഡി ജി പി ബി സന്ധ്യ ഇന്ന് പെരുമ്പാവൂരില്‍ എത്തും. പെരുമ്പാവൂരിലെത്തി ജിഷയുടെ വീട് സന്ദര്‍ശിക്കുന്ന എ ഡി ജി പി സന്ധ്യ അതിനുശേഷം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ കഴിയുന്ന ജിഷയുടെ മാതാവിനെയും സന്ദര്‍ശിക്കും.
പുതിയ അന്വേഷണ സംഘം ജിഷ വധക്കേസില്‍ ഇതുവരെയുള്ള പുരോഗതി വിലയിരുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവിലെ അന്വേഷണസംഘത്തിലെ മുഴുവന്‍ ആളുകളെയും മാറ്റി തികച്ചും പുതിയ ആളുകളുടെ സംഘമാണ് സന്ധ്യയുടെ നേതൃത്വത്തില്‍ കേസ് അന്വേഷിക്കുക. കൊല്ലം റൂറല്‍ എസ് പി അജിത ബീഗം, ക്രൈം ബ്രാഞ്ച് എസ് പി ഉണ്ണിരാജ, ഡി വൈ എസ് പിമാരായ സുദര്‍ശനന്‍, ശശിധരന്‍ എന്നിവരും പുതിയ അന്വേഷണസംഘത്തില്‍ അംഗങ്ങളാണ്.
ജിഷയുടെ മാതാവ് ജോലി ചെയ്തിരുന്ന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ പുതിയ അന്വേഷണ സംഘം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജിഷ കൊലചെയ്യപ്പെട്ട ഏപ്രില്‍ 28ന് തൊട്ടടുത്ത ദിവസങ്ങളില്‍ കിഴക്കമ്പലം പെരിയാര്‍വാലി കനാലില്‍ നാട്ടുകാര്‍ കണ്ടതായി പറയുന്ന രക്തം പുരണ്ട വെട്ടു കത്തിയും വസ്ത്രങ്ങളും കണ്ടെത്താനുള്ള ശ്രമം വിജയിച്ചിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് കൃത്യമായ വിവരം പൊലിസിന് നാട്ടുകാര്‍ നല്‍കിയിരുന്നുവെങ്കിലും അന്വേഷണ ഉദ്യോഗസ്ഥര്‍ അവഗണിച്ചെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.