ജിഷ കൊലക്കേസ്: കൊലയാളിയെ പിടികൂടും, സത്യം പുറത്ത് കൊണ്ടുവരാൻ കഴിവിന്റെ പരമാവധി ശ്രമിക്കും; വിശ്വാസമുള്ള ടീമിനെ അനുവദിച്ച് തരണമെന്ന് ഡി ജി പിയോട് ആവശ്യപ്പെടുമെന്ന് ബി സന്ധ്യ

വ്യാഴം, 26 മെയ് 2016 (11:02 IST)
പെരുമ്പാവൂരിൽ ക്രൂരമായി കൊല്ലപ്പെട്ട ജിഷയുടെ കൊലയാളിയെ പിടികൂടുമെന്നും അതിനായി കഴിവിന്റെ പരമാവധി ശ്രമിക്കുമെന്നും എ ഡി ജി പി ബി സന്ധ്യ വ്യക്തമാക്കി. കേസ് അന്വേഷണത്തിന് തനിക്ക് വിശ്വാസമുള്ള ഒരു ടീമിനെ അനുവദിച്ച് തരണമെന്ന് ഡി ജി പിയോട് ആവശ്യപ്പെടുമെന്നും ബി സന്ധ്യ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
 
ജിഷവധക്കേസ് അന്വേഷണം എ ഡി ജി പി ബി സന്ധ്യയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന് വിടാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആദ്യമന്ത്രിസഭാ യോഗം ബുധനാഴ്ച തീരുമാനിച്ചിരുന്നു. കൊലപാതകം നടന്നിട്ട് ഏകദേശം ഒരു മാസമായിട്ടും കേസിന് തുമ്പ് ഉണ്ടാക്കാൻ കൂടി പൊലീസിന് കഴിയാത്ത സാഹചര്യത്തിലാണിത്.
 
അതേസമയം, കേസ് അന്വേഷണത്തിൽ തൃപ്തി ഇല്ലെന്ന് അറിയിച്ച് കൊണ്ട് പെരുമ്പാവൂരിൽ സി പി എം സംഘടിപ്പിച്ച് വരുന്ന രാപ്പകൽ സമരം അവസാനിപ്പിക്കാനും തീരുമാനമായി. കേസ് പുതിയ അന്വേഷണ സംഘത്തിന് കൈമാറിയതിന്റെ സാഹചര്യത്തിലാണിത്.

വെബ്ദുനിയ വായിക്കുക