പ്രസംഗത്തിൽ പൊതുവേ പങ്കുവെച്ച അഭിപ്രായങ്ങളോട് സമചിത്തതയുള്ള ഒരാൾക്ക് യോജിക്കാതിരിക്കാനാവില്ലെന്ന് അദ്ദേഹം കുറിക്കുന്നു. റിമയുടെ ധൈര്യത്തെ പ്രശംസിക്കാതിരിക്കാൻ ആകില്ല. 'ഇവളാരിതൊക്കെ പറയാൻ?' എന്നായിരിക്കാം ഒരു ശരാശരി മലയാളി പുരുഷന്റെ മനസ്സിൽ ആദ്യം ഉയരുന്ന പ്രതികരണമെന്നും അദ്ദേഹം പറയുന്നു. തിരുവനന്തപുരത്ത് നടന്ന ടെഡ്എക്സ് ടോക്സില്‍ സംസാരിക്കുകയായിരുന്നു റിമ. ഇതിൽ റിമയ്ക്കെതിരെ രൂക്ഷവിമർശനങ്ങളാണ് ഉയരുന്നത്.
ജയൻ രാജന്റെ കുറിപ്പ് വായിക്കാം:
റിമയുടെ TEDx പ്രസംഗം കണ്ടു. തുല്ല്യവേദനമില്ലായ്മ, സ്ത്രീ കഥാപാത്രങ്ങളുടെ പ്രാധിനിത്യക്കുറവ് തുടങ്ങിയവ - അവ ശരിയെന്നല്ല - പക്ഷെ സിനിമയുടെ നിലനിൽപ്പ് തന്നെ കമ്പോളമൂല്ല്യവുമായി ബന്ധപ്പെട്ട് കിടക്കുന്നതുകൊണ്ട് യുക്തിരഹിതമായി അത്തരം വിഷയങ്ങളെ അടച്ചാക്ഷേപിക്കുന്നത് ഗുണത്തേക്കാളേറെ ദോഷമേ ചെയ്യൂ. കല ജീവിതത്തെ അനുകരിക്കുന്നോ, അതേ മറിച്ചോ എന്ന് ചോദിച്ചുകൊണ്ട് റിമ തന്നെ അതിന് സമാധാനവും പറയുന്നുണ്ട്.
പ്രസംഗത്തിൽ പൊതുവേ പങ്കുവെച്ച അഭിപ്രായങ്ങളോട് സമചിത്തതയുള്ള ഒരാൾക്ക് യോജിക്കാതിരിക്കാനാവില്ല. അതിഭീകരമായ അസഭ്യവർഷങ്ങൾക്കിരയാകും എന്ന് അറിഞ്ഞുകൊണ്ടു തന്നെയായിരിക്കുമല്ലോ ഇത്തരമൊരു പ്രസംഗത്തിന് ആ കുട്ടി ഒരുങ്ങിയിട്ടുണ്ടാവുക. (ഇപ്പോൾ തന്നെ YouTube കമെന്റുകളിൽ അത് കാണുകയും ചെയ്യാം.) ആ ധൈര്യത്തെ പ്രശംസിക്കാതെ വയ്യ. 'ഇവളാരിതൊക്കെ പറയാൻ?' എന്നായിരിക്കാം ഒരു ശരാശരി മലയാളി പുരുഷന്റെ മനസ്സിൽ ആദ്യം ഉയരുന്ന പ്രതികരണം.
ഒന്നോർക്കുക. നിങ്ങളുടെ അമ്മയ്ക്കും, നിങ്ങളുടെ സഹോദരിക്കും, നിങ്ങളുടെ സ്ത്രീ സുഹൃത്തിനും, എല്ലാത്തിനുമുപരി നിങ്ങളുടെ മകൾക്കും കൂടി വേണ്ടിയാണ് ഈ ചോദ്യങ്ങൾ ചോദിക്കേണ്ടുന്നത്. നിയമങ്ങൾ അലിഖിതങ്ങളാവുമ്പോൾ അന്യായങ്ങൾ അദൃശ്യങ്ങളാവുക സ്വാഭാവികം. അനുഭവങ്ങൾ തിരിച്ചറിയുന്നത് തന്നെ പ്രയാസം, അപ്പോഴവ ചൂണ്ടിക്കാട്ടുവാനും കൂടി ആയെങ്കിലോ? റിമ, അഭിനന്ദനങ്ങൾ!