ബീഡി തെറുത്ത് സ്വരക്കൂട്ടിയതില്‍ നിന്ന് രണ്ട് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി മലയാളികളെ ഞെട്ടിച്ച ആളാണ് കണ്ണൂരിലെ ബീഡി തൊഴിലാളി ജനാര്‍ദനന്‍. കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ് ജനാര്‍ദനന് എല്ലാം. ഒടുവില്‍ 70 കാരനായ ജനാര്‍ദനന്‍ വീണ്ടും ഞെട്ടിച്ചു. കണ്ണൂര്‍ താഴെചൊവ്വയിലുള്ള പതിനാറ് സെന്റ് സ്ഥലത്തെ വീടും സ്ഥലവും പാര്‍ട്ടിക്ക് സംഭാവന നല്‍കാന്‍ ഒരുങ്ങുകയാണ് അദ്ദേഹം. മാതൃഭൂമി ഡോട്‌കോമിനോടാണ് ജനാര്‍ദനന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
സെന്റിന് നാല് ലക്ഷത്തോളം വിലയുള്ള സ്ഥലത്താണ് ജനാര്‍ദനന്‍ ഇപ്പോള്‍ താമസിക്കുന്നത്. ഈ സ്ഥലവും വീടും വിറ്റു കിട്ടുന്ന തുകയില്‍ നിന്ന് പത്ത് ലക്ഷം രൂപ വീതം രണ്ട് പെണ്‍മക്കള്‍ക്കും രണ്ട് ലക്ഷം ഭാര്യയുടെ അമ്മയ്ക്കും കൊടുക്കാനാണ് ജനാര്‍ദനന്റെ തീരുമാനം. ബാക്കി തുകയെല്ലാം പാര്‍ട്ടിക്ക് നല്‍കാനാണ് അദ്ദേഹം തീരുമാനിച്ചിരിക്കുന്നത്.
'ഭാര്യയും ഞാനും ജോലി ചെയ്ത് ഉണ്ടാക്കിയതാണ് ഈ വീട്. രണ്ട് പേരും അന്നേ തീരുമാനമെടുത്തിരുന്നു ഈ പതിനാറ് സെന്റിലെ വീടും സ്ഥലവും പാര്‍ട്ടിക്ക് നല്‍കാന്‍. ഞാനാണ് ആദ്യം മരിച്ചതെങ്കില്‍ വീട് ഭാര്യയ്ക്കും സ്ഥലം പാര്‍ട്ടിക്കും നല്‍കാനായിരുന്നു തീരുമാനം. പക്ഷെ കഴിഞ്ഞവര്‍ഷം ഭാര്യ മരിച്ചതോടെയാണ് ഞാന്‍ ഇങ്ങനെയൊരു തീരുമാനത്തിലെത്തിയത്,' ജനാര്‍ദനന്‍ പറഞ്ഞതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.