സി.ബി.ഐ ഓഫീസർ ചമഞ്ഞ് ചാലാട് സ്വദേശിയിൽ നിന്ന് 13 ലക്ഷത്തിലധികം തട്ടിയ യുവാക്കൾ പിടിയിൽ

എ കെ ജെ അയ്യർ

ബുധന്‍, 9 ഒക്‌ടോബര്‍ 2024 (17:57 IST)
കണ്ണൂര്‍: സി.ബി.ഐ ഓഫീസര്‍ ചമഞ്ഞ് കണ്ണൂര്‍ ചാലാട് സ്വദേശിയില്‍ നിന്ന് 13 ലക്ഷത്തിലധികം രൂപാ തട്ടിയെടുത്ത കേസില്‍ തൃശൂര്‍ ശാന്തിനഗര്‍ സ്വദേശി ജിതിന്‍ ദാസ്, ആലപ്പുഴ സ്വദേശി ഇര്‍ഫാന്‍ ഇഖ്ബാല്‍ എന്നിവരാണ് പോലീസ് പിടിയിലായത്. ഓഗസ്റ്റ് മുതലായിരുന്നു തട്ടിപ്പിന്റെ തുടക്കം.
 
 ആധാര്‍ വിവരങ്ങള്‍ ഉപയോഗിച്ച് ചാലാട് സ്വദേശിയുടെ മൊബൈല്‍ നമ്പര്‍ അക്കൗണ്ട് നമ്പര്‍ എന്നിവ മനസിലാക്കിയ ശേഷം  ഡി.ബി.ഐ ഓഫീസര്‍മാര്‍ എന്ന വ്യാജേന ചാലാട് സ്വദേശിയെ ഫോണ്‍ ചെയ്യുകയും വെര്‍ച്വല്‍ അറസ്റ്റിലാണെന്നു ഭീഷണിപ്പെടുത്തുകയും ചെയ്താണ് പണം തട്ടിയത്.
 
ഉത്തരേന്ത്യന്‍ സ്വദേശിയായ ഓഫീസര്‍ നാട്ടിലെത്തി അറസ്റ്റ് ചെയ്യാതിരിക്കണം എങ്കില്‍ പണം വേണമെന്നായിരുന്നു ഭീഷണി ഇത്തരത്തില്‍ 13 ലക്ഷത്തില്‍ പരം രൂപയാണ് തട്ടിയെടുത്തത്. നാഗ്പൂരിലെ ഒരു SBI ശാഖയിലെ അക്കൌണ്ടിലോക്കായിരുന്നു പണം അയപ്പിച്ചത്.
 
യഥാര്‍ത്ഥത്തില്‍ ഈ തുക ജിതിന്‍ ദാസിന്റെ അക്കൌണ്ടിലേക്കായിരുന്നു എത്തിയത്. പിന്നീട് ഈ പണം ചെക്ക് ഉപയോഗിച്ചു പിന്‍വലിച്ചു ഇഖ്ബാലിനു കൈമാറി. പരാതിയെ തുടര്‍ന്നു സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. സംഭവത്തില്‍ കൂടുതല്‍ പേരുണ്ടോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍