മഴക്കാല ശുചീകരണ ക്യാമ്പെയ്ൻ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമായി പ്രത്യേക സോഫ്റ്റ്‌വെയർ സംവിധാനവും മൊബൈൽ ആപ്പും ഒരുങ്ങി. മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇടവപ്പാതി എന്ന മൊബൈൽ ആപ്പ് സമൂഹത്തിന് ഉപകാരപ്രദമാകുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്.
പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ്:
മഴക്കാല ശുചീകരണ ക്യാമ്പെയ്ൻ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമായി പ്രത്യേക സോഫ്റ്റ്‌വെയർ സംവിധാനവും മൊബൈൽ ആപ്പും സജ്ജമാക്കിയിട്ടുണ്ട്.
ശുചീകരണ പ്രവർത്തനങ്ങളിൽ അടിയന്തിര ശ്രദ്ധ പതിയേണ്ട സ്ഥലങ്ങളുടെ ചിത്രങ്ങൾ പൊതുജനങ്ങൾക്ക് ‘ഇടവപ്പാതി’ എന്ന മൊബൈൽ ആപ്പിൽ കൂടി അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവരുവാൻ കഴിയും. ശുചീകരണയത്നത്തിൽ ശ്രദ്ധിക്കേണ്ട ഇടങ്ങൾ ഫോട്ടോയെടുത്ത് അയയ്ക്കുവാനുള്ള ‘ഇടവപ്പാതി’ എന്ന ആപ്പ് ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
ഇതിനുപുറമേ മാതൃകാപരമായ ശുചീകരണപ്രവർത്തനങ്ങളുടെ ചിത്രങ്ങളും വിവരങ്ങളും അപ്‌ലോഡ് ചെയ്യുന്നതിനും സംവിധാനമുണ്ട്. ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ ജിയോറ്റാഗ് ചെയ്ത് സോഫ്റ്റ്‌വെയറിലൂടെ ലഭിക്കുന്ന ചിത്രങ്ങൾ പദ്ധതിയുടെ അവലോകനത്തിനും അനുഭവങ്ങൾ പങ്കുവയ്ക്കുന്നതിനും വിനിയോഗിക്കാം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക്, അവരുടെ മാതൃകാ പദ്ധതികൾ http://monsoon.cmcc.kerala.gov.in/ എന്ന സൈറ്റിൽ അപ്‌ലോഡ് ചെയ്യാവുന്നതാണ്.