ഗൈനക്കോളജിസ്‌റ്റ് ഇല്ലാത്തതിനാല്‍ വയനാട് ജില്ലാ ആശുപത്രിയില്‍നിന്നു മെഡിക്കല്‍ കോളജിലേക്കു പറഞ്ഞയച്ച ആദിവാസി യുവതി വഴിമധ്യേ ആംബുലന്‍സിന്‍ പ്രസവിച്ചു. പുല്‍പ്പള്ളി പാക്കം കോളനിയില്‍ ഉണ്ണിക്കൃഷ്‌ണന്റെ ഭാര്യ പ്രിയ (22)യാണു ശനിയാഴ്‌ച രാത്രി കല്‍പ്പറ്റയ്‌ക്കും വൈത്തിരിക്കുമിടയില്‍ ആംബുലന്‍സില്‍ പ്രസവിച്ചത്.
നിലവില്‍ ഒരു ഡോക്‌ടര്‍ മാത്രമുള്ള ജില്ലാ ആശുപത്രിയില്‍ ഗൈനക്കോളജി വിഭാഗത്തിലെ ഡോക്‌ടര്‍മാരുടെ കുറവാണു പ്രശ്‌നത്തിനു കാരണം. പകരം സംവിധാനമേര്‍പ്പെടുത്താതെ രണ്ടു ഡോക്‌ടര്‍മാരെ സ്‌ഥലംമാറ്റിയിരുന്നു. ഡോ ഷഹ്‌നയെ കല്‍പ്പറ്റയിലേക്കും ഡോ. നസീറാ ഭാനുവിനെ ബത്തേരിയിലേക്കുമാണു മാറ്റിയത്. രണ്ടു ഗൈനക്കോളജിസ്‌റ്റുമാരുടെ ഒഴിവ് നികത്തിയിട്ടുമില്ല.
മൂന്നുമാസം മുമ്പ് അനിത എന്ന ആദിവാസിയുവതി ജില്ലാ ആശുപത്രിയില്‍ ചികിത്സാനിഷേധത്തേത്തുടര്‍ന്നു മെഡിക്കല്‍ കോളജിലേക്കുള്ള യാത്രയ്ക്കിടെ മൂന്നു കുട്ടികളെ പ്രസവിക്കുകയും മൂവരും മരിക്കുകയും ചെയ്‌തു. അന്നു ഡോക്‌ടറെ സസ്‌പെന്‍ഡ് ചെയ്യുകയും ജില്ലാ ആശുപത്രിയില്‍ കൂടുതല്‍ ഡോക്‌ടര്‍മാരെ നിയമിക്കുമെന്ന് ഉറപ്പുനല്‍കുകയും ചെയ്‌തിരുന്നു. നിത്യേന ഇരുപതോളം പ്രസവം നടക്കുന്ന ജില്ലാ ആശുപത്രിയില്‍ ഒരു ഗൈനക്കോളജിസ്‌റ്റ് മാത്രമായതോടെയാണു ഗര്‍ഭിണികളെ മറ്റ് ആശുപത്രികളിലേക്ക് അയച്ചുതുടങ്ങിയത്. ഡോക്‌ടര്‍മാര്‍ കുറവാണെന്നിരിക്കെ ഇടയ്ക്കിടെയുള്ള സ്ഥലം മാറ്റത്തിനെതിരെ ജീവനക്കാര്‍ രംഗത്തെത്തിയിരുന്നു.