മഴ ഇന്നും തുടരും; റെഡ്, ഓറഞ്ച് അലർട്ടുകൾ; ഉരുൾപൊട്ടലിനും വെള്ളപ്പൊക്കത്തിനും സാധ്യത;തിരുവനന്തപുരത്ത് 143 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു
തിങ്കള്‍, 22 ജൂലൈ 2019 (08:04 IST)
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. വ്യാഴാഴ്‌ച വരെ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം ജില്ലയില്‍ 143 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. മൂന്ന് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരത്ത് വലിയതുറയില്‍ മാത്രം 120 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
ഇവിടെ അഞ്ച് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. നാല് ദിവസമായി തുടരുന്ന ശക്തമായ കടല്‍ക്ഷോഭത്തില്‍ വലിയതുറ അടക്കമുള്ള മേഖലകളില്‍ നിരവധി വീടുകളാണ് തകര്‍ന്നത്. നൂറിലേറെ വീടുകള്‍ അപകട ഭീഷണിയിലാണ്. ഇതിനിടയിലും വലിയതുറയില്‍ മണല്‍ച്ചാക്കുകള്‍ അടുക്കി കടല്‍ ഭിത്തി നിര്‍മ്മിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. അതേസമയം ശക്തമായ കടല്‍ക്ഷോഭം ഉണ്ടാകുമ്പോള്‍ ഇവയെല്ലാം ഒഴുകിപ്പോകുന്ന സ്ഥിതിയാണ്. അഞ്ഞൂറോളം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയെങ്കിലും അടിസ്ഥാന സൗകര്യങ്ങള്‍ ഉള്‍പ്പെടെ ഇല്ലാത്തതിനാല്‍ ഇവര്‍ ദുരിതത്തിലാണ്. അതേസമയം ജില്ലയില്‍ വെട്ടുകാട് സെന്റ് മേരീസ് എല്‍പി സ്‌കൂളിന് മാത്രമാണ് അവധിയെന്ന് കളക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്നതിനാലാണ് അവധി പ്രഖ്യാപിച്ചത്. ജില്ലയിലെ മറ്റെല്ലാ സ്‌കൂളുകളും പതിവ് പോലെ പ്രവര്‍ത്തിക്കും. ഇക്കാര്യത്തില്‍ തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും കളക്ടര്‍ കെ ഗോപാലകൃഷ്ണന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
കാസറഗോഡ് ജില്ലയിലും ഇന്ന് സ്‌കൂളുകള്‍ക്ക് അവധിയാണെന്ന് വാര്‍ത്ത പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് തെറ്റാണെന്ന് കാസറഗോഡ് കളക്ടര്‍ അറിയിച്ചു. ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് ആണ് ഇന്ന് പ്രഖ്യാപിച്ചിട്ടുള്ളത്. അതിനാല്‍ തന്നെ നിയമപരമായി അവധി അനുവദിക്കേണ്ട സാഹചര്യമില്ല. ജില്ലയിലെ നാല് തഹസില്‍ദാര്‍മാരും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് അറിയിച്ചിട്ടുണ്ട്. അതിനാല്‍ തിങ്കളാഴ്ച ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പതിവ് പോലെ പ്രവര്‍ത്തിക്കേണ്ടതാണെന്നും കളക്ടര്‍ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.
കോട്ടയം മുന്‍സിപ്പാലിറ്റിയിലും നാല് പഞ്ചായത്തുകളിലും ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ആര്‍പ്പൂക്കര, അയ്മനം, തിരുവാര്‍പ്പ്, കുമരകം എന്നീ ഗ്രാമപഞ്ചായത്തുകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. കണ്ണൂര്‍ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. മഴ ശക്തമായി തുടരുകയും ദുരന്ത നിവാരണ അതോറിറ്റി ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കളക്ടര്‍ അവധി പ്രഖ്യാപിച്ചത്. അതേസമയം സര്‍വകലാശാല പരീക്ഷകള്‍ക്കൊന്നും മാറ്റമില്ല. കണ്ണൂര്‍-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന കൊട്ടിയൂര്‍-പാല്‍ച്ചുരം റോഡില്‍ മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. ചെകുത്താന്‍ തോടിന് താഴ്ഭാഗത്താണ് മണ്ണിടിഞ്ഞത്. പ്രളയസമയത്ത് ഇവിടെ ഉരുള്‍പൊട്ടലുണ്ടായിരുന്നു.
കോഴിക്കോട് ജില്ലയിലെയും പ്ലസ് ടു വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടര്‍ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. അങ്കണവാടികള്‍, കേന്ദ്രീയവിദ്യാലയങ്ങള്‍, ഐസിഎസ്ഇ, സിബിഎസ്ഇ വിദ്യാലയങ്ങള്‍ക്കും അവധി ബാധകമാണ്. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള കോളേജുകള്‍ക്ക് അവധി ബാധകമല്ല. മലയോരത്ത് തുടര്‍ച്ചയായി പെയ്യുന്ന മഴയെ തുടര്‍ന്ന് കാക്കടവില്‍ നിര്‍മ്മിക്കുന്ന ചെക്ക് ഡാമിന്റെ പാര്‍ശ്വ ഭിത്തി തകര്‍ന്നു. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് 20 അടി പൊക്കമുള്ള ഭിത്തി തകര്‍ന്നത്. ഇത് കാരണം സമീപത്തെ പമ്പ് ഹൗസ് ഏത് നിമിഷവും നിലംപതിക്കുമെന്ന അവസ്ഥയാണ്.
ഇതിനിടെ കൊട്ടിയൂര്‍ വന്യജീവി സങ്കേതത്തില്‍ മാവോയിസ്റ്റ് തിരച്ചിലിന് പോയ തണ്ടര്‍ബോള്‍ട്ട് സേനാംഗങ്ങള്‍ ഇന്നലെ വൈകിട്ടോടെ വനത്തില്‍ കുടുങ്ങി. 16 പേരടങ്ങിയ സംഘമാണ് കുടുങ്ങിയത്. ബാവലിപ്പുഴയിലെ ശക്തമായ ഒഴുക്ക് കാരണം ഇവര്‍ക്ക് പുഴ കടക്കാനായില്ല. ഇതേത്തുടര്‍ന്ന് പോലീസും അഗ്നിശമന സേനയും രക്ഷാപ്രവര്‍ത്തനം തുടങ്ങി. പുഴയ്ക്ക് കുറുകെ വടം കെട്ടിവലിച്ചുകെട്ടിയാണ് പോലീസുകാരെ പുഴ കടത്തി തിരികെയെത്തിച്ചത്. തീര്‍ത്തും സാഹസികമായിട്ടായിരുന്നു രക്ഷാപ്രവര്‍ത്തനം. 16 അംഗ തണ്ടര്‍ബോള്‍ട്ട് സംഘത്തെയും വനപാലകരെയും ഏതാണ്ട് രണ്ട് മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ തിരികെയെത്തിച്ചു.
തൃശൂര്‍ മാള പുത്തന്‍ചിറയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. നെടുങ്ങാണത്തുകുന്ന് സ്വദേശി വിഷ്ണു(19) ആണ് മരിച്ചത്. ഇടുക്കി കാഞ്ചിയാറില്‍ വീടിന് മുകളിലേക്ക് മരം വീണ് യുവാവിന് പരിക്ക്. കാഞ്ചിയാര്‍ സ്വദേശി സിജോയ്ക്കാണ് തലയ്ക്ക് ചെറിയ പരിക്കേറ്റത്. വീടിന്റെ ഒരു മുറി പൂര്‍ണമായും തകര്‍ന്നു. തശൂര്‍ പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ ഷട്ടറുകള്‍ തുറന്നതിനാല്‍ അതിരപ്പള്ളി, ചാര്‍പ്പ വെള്ളച്ചാട്ടങ്ങളിലെ നീരൊഴുക്ക് കൂടി. കണ്ണൂര്‍ ഇരിട്ടിക്കടുത്ത് മണിക്കടവില്‍ വെള്ളം കയറിയ പാലത്തിലൂടെ കടന്നുപോകുകയായിരുന്ന ജീപ്പ് പുഴയിലേക്ക് മറിഞ്ഞു. ഒഴുക്കില്‍പ്പെട്ട് കാണാതായ കോളിത്തട്ട് സ്വദേശി ലിധീഷിനായി തെരച്ചില്‍ തുടരുകയാണ്. കോട്ടയം കിടങ്ങൂരില്‍ മീനച്ചിലാറ്റില്‍ തടിപിടിക്കുന്നതിനിടെ കാണാതായ ചേര്‍പ്പുങ്കല്‍ സ്വദേശി മനീഷ് സെബാസ്റ്റ്യന്റെ മൃതദേഹം നാവികസേനയുടെ മുങ്ങല്‍ വിദഗ്ധര്‍ കണ്ടെത്തി.
പെരിങ്ങല്‍കുത്ത് ഡാമിന്റെ ഷട്ടര്‍ ശനിയാഴ്ച ഉയര്‍ത്തിയതോടെ ചാലക്കുടിപ്പുഴയിലും ജലനിരപ്പ് കൂടിയിട്ടുണ്ട്. കെഎസ്ഇബിയും ജലവിഭവ വകുപ്പും നിയന്ത്രിക്കുന്ന അണക്കെട്ടുകളില്‍ മിക്കവയും സംഭരണ ശേഷിയിലേക്ക് അടുക്കുന്നതേയുള്ളൂ. ചാലക്കുടിപ്പുഴയില്‍ രണ്ട് അടിയിലേറെ ജലനിരപ്പ് ഉയരുമെന്ന് മുന്നറിയിപ്പ് ഉണ്ട്.
കല്ലാര്‍ അണക്കെട്ട് ഇന്നലെ തുറക്കുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നെങ്കിലും ആശങ്കപ്പെടുത്തുന്ന വിധത്തില്‍ ജലനിരപ്പ് ഉയരാത്ത സാഹചര്യത്തില്‍ അത് വേണ്ടെന്ന് അധികൃതര്‍ തീരുമാനിച്ചു. മുല്ലപ്പെരിയാറില്‍ 113 അടി വെള്ളം മാത്രമാണ് ഇപ്പോഴുള്ളത്. അതേസമയം ഇടുക്കി അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കാര്യമായി കൂടിയിട്ടുണ്ട്. പരമാവധി സംഭരണ ശേഷിയിലേക്ക് എത്താന്‍ ഇനിയും ഏറെ കാത്തിരിക്കണമെങ്കിലും നീരൊഴുക്ക് കൂടി ജലനിരപ്പ് ഉയരുന്ന സാഹചര്യം കെഎസ്ഇബിയ്ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്.